21 November Thursday

‘പരിധിയി’ലുണ്ടോ മരണവിളി

സ്വന്തം ലേഖകൻUpdated: Friday Nov 8, 2019

നിലമ്പൂരിലെ ബിഎസ്‌എൻഎൽ ഓഫീസ്‌ ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിക്കുന്നു

 

 
നിലമ്പൂർ
കാലങ്ങളായി രാമകൃഷ്‌ണന്റെ വിരൽപ്പാടിനാൽ വൃത്തിയാകാറുള്ള നിലവും ചുമരും ഒരുപക്ഷേ കരഞ്ഞിട്ടുണ്ടാകും. അമ്പേതളർന്ന മനസ്സുമായി ജീവനൊടുക്കുമ്പോൾ അവ അരുതെന്ന്‌ വിലക്കിയിട്ടുണ്ടാകാം. മൂന്ന്‌ പതിറ്റാണ്ട്‌ തൂത്തും തുടച്ചും വൃത്തിയാക്കിയ ഓഫീസിൽ സഹപ്രവർത്തകന്റെ ചേതനയറ്റ ശരീരം കണ്ട്‌ നിലവിളിയൊതുക്കി സഹപ്രവർത്തകർ. ‘‘ബിഎസ്‌എൻഎൽ മാനേജ്‌മെന്റിന്റെ തൊഴിലാളിവിരുദ്ധനയം കൊന്നതാണ്‌ രാമകൃഷ്‌ണനെ‘‘ –- സുഹൃത്തുക്കൾക്ക്‌ സങ്കടമടക്കാനാകുന്നില്ല. 
 വ്യാഴാഴ്‌ചയും രാവിലെ എട്ടരക്ക്‌  രാമകൃഷ്‌ണൻ ഓഫീസിലെത്തി. പതിവുപോലെ ഓഫീസും പരിസരവും വൃത്തിയാക്കി. എല്ലാവരും പുറത്തുപോയ സമയം ഫാനിൽ ജീവനൊടുക്കുകയായിരുന്നു. 
    ‘‘നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസിൽനിന്ന്‌ ഇന്നല്ലെങ്കിൽ നാളെ പടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിലായിരുന്നു രാമകൃഷ്‌ണൻ. 
വർഷങ്ങളായി ജോലിചെയ്‌തിട്ടും മാനേജ്‌മെന്റ്‌ പിരിച്ചുവിടാൻ തീരുമാനിച്ചത്‌ മാനസികമായി 
തളർത്തി. എങ്ങനെ കുടുംബം മുന്നോട്ട്‌ കൊണ്ടുപോകുമെന്നറിയാതെ പ്രയാസത്തിലായിരുന്നു‘‘–-സഹപ്രവർത്തകർ പറഞ്ഞു. 
  ഇടതുകൈക്ക് ശേഷിയില്ലാത്ത രാമകൃഷ്‌ണൻ നിലമ്പൂരിലെ ബിഎസ്എൻഎൽ ഓഫീസ് തുടങ്ങിയതുമുതൽ താൽക്കാലിക ജീവനക്കാരനാണ്‌. 2018 ഡിസംബർമുതൽ മാനേജ്‌മെന്റ്‌ ശമ്പളവും അലവൻസും വെട്ടിക്കുറച്ചു. 10 മാസത്തെ വേതനം നൽകിയില്ല. സെപ്തംബർമുതൽ ആറ് മണിക്കൂർ ജോലിസമയം ദിവസം ഒന്നര മണിക്കൂറായും മാസം 15 ദിവസമായും ചുരുക്കി. 
നവംബറായതോടെ ഏഴ്‌ ദിവസമാക്കി. 6000 മുതൽ 7000 വരെ ശമ്പളം കിട്ടിയിരുന്നത്‌ 2265 രൂപയാക്കി വെട്ടിച്ചുരുക്കി.
പ്രധാന വാർത്തകൾ
 Top