24 September Thursday

ദുരിതമൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തകർന്ന കനോലി പ്ലോട്ടിലേക്കുള്ള ഇരുമ്പ് തൂക്കുപാലം

മലപ്പുറം
ജില്ലയിൽ കാലവർഷം ശക്തിപ്പെട്ടു. മലയോര മേഖലകളിലെ കനത്ത മഴയും വയനാട്‌ ചൂരൽമലയിലെ ഉരുൾപൊട്ടലിനെയും തുടർന്ന്‌ ചാലിയാറിൽ ജലനിരപ്പ്‌ ഉയർന്നു. ഇരുകരകളിലെയും താഴ്‌ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി‌. മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കൂറ്റൻ മരത്തടികളും പാറക്കെട്ടുകളും ഇടിച്ച്‌ കനോലി ടൂറിസം കേന്ദ്രത്തിലെ തൂക്കുപാലം പൂർണമായും തകർന്നു. വെള്ളിയാഴ്ച ഏഴ്‌ ദുരിതാശ്വാസ ക്യാമ്പുകളാണ്‌ ജില്ലയിൽ തുറന്നത്‌. ഇതോടെ നിലമ്പൂർ–- പത്ത്‌‌, ഏറനാട്‌–- മൂന്ന്‌‌, പെരിന്തൽമണ്ണ, പൊന്നാനി എന്നിവിടങ്ങളിൽ ഒന്നുവീതം ക്യാമ്പുകൾ‌ പ്രവർത്തിക്കുന്നു‌. 184 കുടുംബങ്ങളിലെ 798 പേർ ക്യാമ്പിലുണ്ട്‌. 1641 കുടുംബങ്ങളിലെ 5843 പേർ ബന്ധുവീടുകളിലേക്കും‌ മാറി. 

മഴ കനത്തതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ദുരന്തനിവാരണ സേന എടക്കരയിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കൊണ്ടോട്ടി താലൂക്കിൽ 66 കുടുംബങ്ങളെയും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത്‌ കീഴാറ്റൂർ പഞ്ചായത്തിലെ 125 കുടുംബങ്ങളെയും കരുവാരക്കുണ്ട്‌ പഞ്ചായത്തിലെ 97 കുടുംബങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക്‌ മാറ്റിപ്പാർപ്പിച്ചു. നാടുകാണി ചുരം പാതയിലൂടെയുള്ള രാത്രി യാത്രയും ശനിയാഴ്ച മുതൽ നിരോധിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്‌. പൊന്നാനിയിൽ അഞ്ച്‌ വീടുകൾ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാതല കൺട്രോൾ റൂം കലക്ടറേറ്റിൽ പ്രവർത്തനമാരംഭിച്ചു. താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാണ്‌. മഴ തോരാതെ തുടരുന്നതിനാൽ ജില്ലയിലെ പലയിടങ്ങളിലും തകർന്ന വൈദ്യുതി--ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top