23 September Wednesday

കണ്ടുപഠിയ്‌ക്കാം കാട്ടിനുള്ളിലെ മാതൃക

വി കെ ഷാനവാസ്‌Updated: Saturday Aug 8, 2020

നെടുങ്കയം ഗവ. ട്രൈബൽ എൽപി സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്ന വീര

 
എടക്കര
മലവെള്ളപ്പാച്ചിലിൽനിന്ന്‌ അഭയകേന്ദ്രം തേടുമ്പോഴും മനസ്സിൽ കോവിഡിനെതിരായ പോരാട്ടംമാത്രം. ‘‘ കൽക്കുളം ക്യാമ്പിലേക്ക് ഞങ്ങളില്ല. കൊറോണ വരും–-പൂളക്കപ്പാറ ട്രൈബൽ കോളനിയിലെ 65 കാരി വീരയുടെ വാക്കുകൾ‌. ഇവരുടെ അഭ്യർഥനമാനിച്ച്‌ കാട്ടിനുള്ളിലെ  ഉച്ചക്കുളം നെടുങ്കയം ഗവ. ട്രൈബൽ എൽപി സ്‌കൂളിലേക്ക്‌ മാറ്റി. മഹാമാരിയെ ചെറുക്കാൻ സർക്കാർ ആവർത്തിക്കുന്ന പാഠം ദുരിതപെയ്‌ത്തിലും പാലിക്കുകയാണ്‌ ആദിവാസികൾ. 
മൂത്തേടം പഞ്ചായത്തിലാണ്‌ പൂളക്കപ്പാറ ട്രൈബൽ കോളനി. ഇവിടുത്തെ ഒമ്പത് കുടുംബങ്ങളിലെ 45 പേരെ ഈങ്ങാർതോട് കരകവിഞ്ഞപ്പോഴാണ്‌ മാറ്റിയത്‌. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എ ടി റെജിയുടെ നേതൃത്വത്തിൽ വനം–-ആരോഗ്യവകുപ്പ്‌ ‌ ഉദ്യോഗസ്ഥരും ചേർന്ന്‌‌ ക്യാമ്പ്‌ സജ്ജമാക്കി‌. കുറച്ചുപേർ തീക്കടിയിലുള്ള ബന്ധുവീട്ടിലാണ്‌. 
വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം കോളനിക്കാർ  അനുസരിക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ കൽക്കുളം എൽപി സ്കൂളിലായിരുന്നു ഇവരെ പാർപ്പിച്ചത്‌.  പുറത്തുനിന്ന് നിരവധി പേർ ക്യാമ്പിലെത്തി. ഇതാണ് ഇത്തവണ  കൽക്കുളത്തേയ്‌ക്ക്‌ വരില്ലെന്ന്‌ പറയാൻ പ്രേരിപ്പിച്ചത്‌.   വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരാണ്‌ പൂളക്കപ്പാറ ട്രൈബൽ കോളനിക്കാർ. കോവിഡിനെക്കുറിച്ച്‌ ടിവിയിൽ കാണുന്ന ഇവർ നല്ല ജാഗ്രതയിലാണ്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാറില്ല. 
അപരിചിതരോട് ചങ്ങാത്തമില്ല. വനത്തിലെ ആദിവാസികൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. നാടിന്‌ മാതൃകയാണ്‌ ഈ കരുതൽ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top