13 August Thursday
പ്രളയാനന്തര നവകേരള നിർമിതി

പഴയത് പുനഃസ്ഥാപിക്കലല്ല പുനർനിർമാണം: എസ് ആർ പി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കലിക്കറ്റ് യൂണിവേഴ്സിറ്റി ഇ എം എസ് ചെയർ സംഘടിപ്പിച്ച പ്രളയാനന്തര നവകേരള നിർമിതി ദ്വിദിന അന്താരാഷ്ട്ര സെമിനാർ സിപിഐ എം പിബി അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യുന്നു

 
തേഞ്ഞിപ്പലം
പഴയത് അതേപടി  പുനഃസ്ഥാപിക്കലല്ല പുനർനിർമിതിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ‘പ്രളയാനന്തര നവകേരള നിർമിതി, പ്രാദേശിക ഇടപെടലുകളുടെ പ്രസക്തി’ വിഷയത്തിൽ കലിക്കറ്റ് സർവകലാശാലാ ഇ എം എസ് ചെയർ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വരും കാലത്തെ അപകടങ്ങളും നേരിടാനാകും വിധമാകണം പുനർനിർമിതി. വീടിനും കൃഷിക്കും റോഡിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.
പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകൾ പരിഗണിച്ചാകണം   പുനർനിർമാണം. ജനങ്ങളുടെ ആസ്തിയും ജീവനോപാധിയും വികസിപ്പിക്കാനും  സാഹചര്യമുണ്ടാകണം.  പരമ്പരാഗത കാർഷിക സംസ്കൃതി സംരക്ഷിക്കണം.  അനുയോജ്യമായ പുതിയ വിളകളിലേക്ക് മാറണം. ആവാസവ്യവസ്ഥക്ക് ഹാനികരമായ നിർമാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കണം. സമൂഹത്തിൽ  പിന്നോക്കംനിൽക്കുന്നവരുടെ പ്രശ്നം പരിഗണിക്കണം.  
  പണത്തിന്റെ അപര്യാപ്തതയാണ് പുനർനിർമാണത്തിലെ വലിയ പ്രതിസന്ധി.  
31,000 കോടി രൂപയെങ്കിലും പ്രളയ പുനരുദ്ധാരണത്തിന് ആവശ്യമാകുമെന്നാണ് യുഎൻ കണക്ക്. 600 കോടിമാത്രമാണ് കേന്ദ്രം തന്നത്. റേഷൻ നൽകിയതിനും സഹായത്തിന് വിമാനം എത്തിച്ചതിനും 290 കോടി തിരിച്ചടയ്ക്കാനും ആവശ്യപ്പെട്ടു. വിദേശ സഹായവും മുടക്കി.  
 പ്രളയക്കെടുതി ഇത്രത്തോളമാകാനുള്ള കാരണങ്ങളും പഠിക്കണം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പരിശോധിക്കണം. 
നഗരവൽക്കരണവും അനിയന്ത്രിത ഖനനവും വിലയിരുത്തണം. പ്രളയ രക്ഷാപ്രവർത്തനത്തിൽ മാതൃകയായ കേരള സർക്കാർ ആശ്വാസ നടപടികളിലും പുനരധിവാസത്തിലും ഏറെ മുന്നേറിയെന്നും എസ് ആർ പി പറഞ്ഞു.
പ്രളയ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ വിതരണ ഘട്ടത്തിലുമുണ്ടായ കൂട്ടായ്മ പുനർനിർമാണത്തിൽ കണ്ടില്ലെന്ന്  അധ്യക്ഷനായ കലിക്കറ്റ് സർവകലാശാലാ വൈസ്‌ ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ പറഞ്ഞു. ഒരുമാസത്തെ വേതനം സംഭാവന നൽകണമെന്ന ആഹ്വാനത്തോട് ചില ജീവനക്കാരുടെ പ്രതികരണം നിരാശയുണ്ടാക്കി.  
ഭരണപക്ഷത്തെ കുറ്റപ്പെടുത്താൻ മാത്രമാകരുത് പ്രതിപക്ഷ ഇടപെടൽ. ഭരണ നടപടികളെ കണ്ണടച്ച് ന്യായീകരിക്കയുമരുത്. പ്രളയ കാരണം കണ്ടെത്താൻ സർവകലാശാലാ വിദ്യാർഥികൾക്കും ജിയോളജി വിഭാഗത്തിനും കാര്യമായ ഇടപെടൽ നടത്താനാകുമെന്നും വിസി പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top