20 September Friday

കലിക്കറ്റിനെ മികവിന്റെ കേന്ദ്രമാക്കാൻ സ്റ്റുഡ​ന്റ്സ് പ്രൊട്ടസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കലിക്കറ്റ്‌ സർവകലാശാലയിലേക്ക്‌ എസ്‌എഫ്‌ഐ നടത്തിയ മാർച്ച്‌ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌ ഉദ്‌ഘാടനംചെയ്യുന്നു

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയെ മികവിന്റെ കേന്ദ്രമാക്കാൻ, വിദ്യാർഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി  നേത്രത്വത്തിൽ രണ്ടാമത് സ്റ്റുഡ​ന്റ്സ് പ്രൊട്ടസ്റ്റ് സംഘടിപ്പിച്ചു. സർവകലാശാലക്കുകീഴിലെ വിവിധ ക്യാമ്പസുകളിൽനിന്നും കനത്ത മഴയെ അവഗണിച്ചെത്തിയ വിദ്യാർഥികളുടെ എണ്ണം എസ്എഫ്ഐയുടെ ശക്തി വിളിച്ചോതി. സ്റ്റുഡ​ന്റ്സ് സ്ട്രാപ്പിൽനിന്ന് പ്രകടനമായെത്തിയ വിദ്യാർഥികൾ ഭരണ വിഭാഗത്തിനുമുന്നിലാണ് സമരം നടത്തിയത്. 
കഴിഞ്ഞ ജനുവരി 21ന്  സംഘടിപ്പിച്ച ആദ്യ സ്റ്റുഡന്റ്സ് പ്രൊട്ടസ്റ്റിന്റെ ഭാഗമായി നിരവധി വിഷയങ്ങളിൽ വിദ്യാർഥികൾക്ക് അനുകൂലമായ നടപടി സർവകലാശാല സിൻഡിക്കറ്റെടുത്തിരുന്നു. ആ സമരത്തിന് തുടർച്ചയായാണ് സ്റ്റുഡന്റ്സ് പ്രൊട്ടസ്റ്റ് രണ്ട്‌ എന്ന പേരിൽ  മാർച്ച്‌  സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് ഉദ്ഘാടനംചെയ്തു. 
പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ഫലം പ്രസിദ്ധീകരിക്കുക, സിലബസിന് പുറത്തുനിന്ന് ചോദ്യം വന്നാൽ പുനഃപരീക്ഷ നടത്തുന്ന രീതി അവസാനിപ്പിക്കുക, റീവാലുവേഷൻ ഫലം 20 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുക, സ്വാശ്രയ കോളേജുകളിലെ തീവെട്ടി കൊള്ളക്ക് തടയിടുക, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സ്വാശ്രയ കോളേജുകളുടെ അംഗീകാരം റദ്ദാക്കുക, സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി വിതരണംചെയ്യുക, സർവകലാശാലാ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുക, സർവകലാശാലാ മാസ്റ്റർ പ്ലാൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു  സമരം. 
സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി രഹ്ന സബീന അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റിയംഗം കെ പി ഐശ്വര്യ, ഷാഫി പുൽപ്പള്ളി, ജോബിസൻ ജെയിംസ്, ടി അതുൽ, ജാഫർ ഇക്ബാൽ എന്നിവർ സംസാരിച്ചു. കെ എ സക്കീർ സ്വാഗതം പറഞ്ഞു.  വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീറുമായി എസ്എഫ്ഐ നേതാക്കൾ നടത്തിയ ചർച്ചയിൽ ആവശ്യങ്ങളെല്ലാംതന്നെ അതത് സ്റ്റാന്‍ഡിങ്‌ കമ്മിറ്റികൾക്ക് വിട്ട് അനുകൂലമായി പരിഗണിക്കാൻ ധാരണയായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top