മലപ്പുറം
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയ്ക്ക് വ്യാഴാഴ്ച തുടക്കം. ജില്ലയിൽ 76,037 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്; 26,520 പേർ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 18,695 കുട്ടികൾ പരീക്ഷ എഴുതും. തിരൂരിൽ 15,761 പേരും വണ്ടൂരിൽ 15,061 പേരുമുണ്ട്.
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ് എസിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുക. 2075 കുട്ടികൾ ഇവിടെയുണ്ട്. കഴിഞ്ഞ തവണ 2324 വിദ്യാർഥികൾ ഈ സ്കൂളിൽ പരീക്ഷ എഴുതിയിരുന്നു.
ജില്ലയിൽ 79,967 പേർ പ്ലസ് ടു പരീക്ഷ എഴുതും. ഇതിൽ 58,293 പേർ റഗുലർ വിദ്യാർഥികളും 19,348 പേർ ഓപ്പൺ സ്കൂളും 2326 പേർ പ്രൈവറ്റ് രജിസ്ട്രേഷനുമാണ്. വിഎച്ച്എസ്സിയിൽ 2325 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷക്ക് എല്ലാവിധ ഒരുക്കങ്ങളും വിദ്യാഭ്യാസ വകുപ്പ് പൂർത്തീകരിച്ചു. ചൊവ്വാഴ്ച സ്കൂളുകളിൽ തെരഞ്ഞെടുപ്പ് നടന്നതിനാൽ ബുധനാഴ്ച രാവിലെ ക്ലാസ്മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കിയശേഷമാണ് നമ്പറിടൽ അടക്കമുള്ള കാര്യങ്ങൾ ചെയ്തത്.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പരീക്ഷാ ക്രമീകരണം. എസ്എസ്എൽസി പരീക്ഷയുടെ ഓരോ പരീക്ഷാ ഹാളിലും സാമൂഹിക അകലം പാലിച്ച് 20 വിദ്യാർഥികളെയിരുത്തും. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിനും തിരിച്ചുപോകുന്നതിനും നിബന്ധനകളുണ്ട്. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവയെല്ലാം വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..