26 May Tuesday

കരുതൽ കരുത്തില്‍ അതിജീവനത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Wednesday Apr 8, 2020

മലപ്പുറം മൃഗാശുപത്രിയിൽ പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതിനായി കൊണ്ടുവന്ന വളർത്തുനായയെ മാസ്‌ക് അണിയിക്കുന്നു

മലപ്പുറം
ആഗോളതലത്തിൽ കോവിഡ് 19 ഭീഷണിയാവുമ്പോൾ ജില്ല ഈ വിപത്തിനെ അതിജീവിക്കുകയാണ്‌. ജില്ലയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച വണ്ടൂർ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടി (61)ക്കുപിറകെ തിരൂർ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയായ  വൈറസ് ബാധിതനും രോഗമുക്തനായി.  
ഇയാള്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷണത്തിനും ശേഷം പിന്നീടാണ് ആശുപത്രി വിടുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് രോഗമുക്തരായവർ ഇറങ്ങുമ്പോൾ സംസ്ഥാനത്തിന്റെ മാതൃകാപരമായ പ്രതിരോധത്തിൽ തിളങ്ങുന്ന കണ്ണിയാവുകയാണ്  ജില്ല.
കോവിഡിനെതിരായ പ്രതിരോധം മുന്നിൽനിന്ന്  നയിക്കുന്ന മുഖ്യമന്ത്രിക്കും   ജീവൻപോലുംനോക്കാതെ പൊതുജനാരോഗ്യ സംരക്ഷണത്തിനായി രാപകൽ പ്രവർത്തിക്കുന്ന ആരോഗ്യ ജീവനക്കാർക്കും രോഗമുക്തരാവുന്നവരും കുടുംബാംഗങ്ങളും നന്ദി പറയുമ്പോൾ ഈ വിജയം വലിയൊരു കൂട്ടായ്മയുടേതുകൂടിയാവുകയാണ്. മന്ത്രി   കെ ടി ജലീലിനാണ്‌  ഏകോപന ചുമതല. 
രോഗവ്യാപനം തടയാൻ കൃത്യമായ ആസൂത്രണത്തോടെയാണ്‌  കലക്ടർ ജാഫർ മലിക്കിന്റെ നേതൃത്വത്തിൽ  ജില്ലാ ഭരണ കേന്ദ്രവും ഡിഎംഒ കെ സക്കീനയുടെ നേതൃത്വത്തിൽ ആരോഗ്യവിഭാഗവും നീങ്ങുന്നത്‌. ലോക്ക് ഡൗൺ കാലത്തെ ആരോഗ്യ ജാഗ്രത ഉറപ്പുവരുത്താൻ ജില്ലാ പൊലീസ്‌ മേധാവി  യു അബ്ദുൾകരീമിന്റെ നേതൃത്വത്തിൽ സേനയും ഉണർന്നുപ്രവർത്തിക്കുന്നു. 
    നാടുനേരിടുന്ന മഹാവിപത്തിനെ ചെറുക്കാൻ ആരോഗ്യ പ്രവർത്തകർ പടനയിക്കുമ്പോൾ ആരോഗ്യ ജാഗ്രതയും ഭക്ഷണവും അവശ്യസാധനവും ഉറപ്പാക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും കാവലായ പൊലീസിനും ഇത് വിശ്രമമില്ലാത്ത കാലം. 
ഗ്രാമ–-നഗര വ്യത്യാസമില്ലാതെ പൊതു സമ്പർക്കമില്ലാതാക്കി വൈറസ് വ്യാപനം ചെറുക്കുന്നതിലും അവശ്യ സാധനങ്ങളും ഭക്ഷണ ലഭ്യതയും ഉറപ്പാക്കുന്നതിലും വിവിധ സർക്കാർ വകുപ്പുകൾക്കൊപ്പം ജനപ്രതിനിധികളും സന്നദ്ധസേവകരും ഉണർന്നുപ്രവർത്തിച്ചുവരുന്നു.  മത, സാമുദായിക നേതൃത്വത്തിന്റെയും സംഘടനകളുടെയും  പിന്തുണയും ലഭിക്കുന്നുണ്ട്‌.
പ്രധാന വാർത്തകൾ
 Top