26 May Tuesday

കത്തുമ്പോൾ അറിയുന്നുണ്ടോ കദനം

സ്വന്തം ലേഖകൻUpdated: Wednesday Apr 8, 2020
മലപ്പുറം
കോവിഡ് 19 വ്യാപന ഭീതിക്കിടയിലും സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ച്‌ ഗ്യാസ്‌, പെട്രോളിയം തൊഴിലാളികൾ. ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ബോട്ടിലിങ് പ്ലാന്റിലെയും പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസികളിലെയും 1500ലധികം തൊഴിലാളികളാണ്  രംഗത്തുള്ളത്‌. 
ചേളാരിയിൽനിന്ന് മലബാറിലെ 150ഓളം ഗ്യാസ് ഏജൻസികളിലെ 35,000 കുടുംബങ്ങളിലേക്കാണ് ദിനംപ്രതി എൽപിജി നിറച്ച് ട്രക്കുകളിൽ കയറ്റി പോകുന്നത്. രാവിലെ ആറുമുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഓഫീസർമാർ ഉൾപ്പെടെ 150ലധികം വരുന്ന ജീവനക്കാർ കർമനിരതരാണ്. 85 ശതമാനം പേരും സ്ഥിരം കരാർ- കാഷ്വൽ ജീവനക്കാരാണ്. ചുരുങ്ങിയ വേതനം കൈപ്പറ്റുന്നവർ, ഗ്രാറ്റ്വിറ്റിപോലും ഇല്ലാത്തവർ. ഇവർക്കുപുറമെ ട്രിപ് ബാറ്റ അടിസ്ഥാനത്തിൽ 24 മണിക്കൂറും പണിയെടുക്കാൻ വിധിക്കപ്പെട്ട ഡ്രൈവർമാർ, 40 ഹെൽപ്പർമാർ എന്നിവരും. ഇവരുടെ കൂട്ടായ അധ്വാനവും 30ലധികം ഗ്യാസ് ഏജൻസികളിലെ 600ഓളം തൊഴിലാളികളുടെ കഠിനാധ്വാനവുമാണ് ഓരോ വീട്ടിലും ഭക്ഷണം പാകംചെയ്യുന്നതിന് സഹായം. 
ജില്ലയിലെ നൂറിലധികം പെട്രോൾ പമ്പുകളിലായി 600ലധികം തൊഴിലാളികൾ തെരുവിൽ ഇന്ധന വിതരണത്തിന് കരളുറപ്പോടെ പ്രവർത്തിക്കുന്നു. 12 മണിക്കൂറാണ് ജോലിസമയം. ഭൂരിപക്ഷവും നിരാലംബരായ സഹോദരിമാരാണ്‌. മിനിമം വേതനവും ബോണസും ക്ഷേമനിധിയുമെല്ലാം ഇവർക്ക് അന്യമാണ്. ക്ഷേമ പദ്ധതി അംഗങ്ങളല്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിച്ച 1000 രൂപ ഇവരിലെ മഹാഭൂരിപക്ഷത്തിനും ലഭ്യമാകില്ല. പെട്രോളിയം രംഗത്തെ സിഐടിയു സംഘടനകളുടെയും ഫെഡറേഷനുകളുടെയും പൊതുസമൂഹത്തിന്റെയും ഇടപെടലിന്റെ ഭാഗമായി കൈയുറയും മാസ്കും സാനിറ്റൈസറും ലഭിക്കുന്നത് മാത്രമാണ് ഇവർക്ക് ആശ്വാസം.
പ്രധാന വാർത്തകൾ
 Top