28 May Thursday

ലോക്ക് ഡൗൺ ലംഘിച്ചു; പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020
പൊന്നാനി 
ലോക്ക് ഡൗൺ ലംഘിച്ചതിന്‌ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ സുഹ്റ കടയിൽ ഉൾപ്പെടെ പത്ത്‌ യുഡിഎഫ് നേതാക്കൾക്കെതിരെ പൊലീസ്‌ കേസെടുത്തു. സംസ്ഥാന സർക്കാർ നടപ്പാക്കിയ പുതിയ എപ്പിഡെമിക് ഡിസീസ്‌ ആക്ട് പ്രകാരമാണ്‌ പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്‌. 
നാലിന്‌ നടത്തിയ വാർത്താ സമ്മേളനമാണ് കേസിനിടയാക്കിയത്‌. ലോക്ക് ഡൗണിനെ തുടർന്ന് മണ്ഡലത്തിൽ വിശപ്പനുഭവിക്കുന്നവർ ഉണ്ടാവരുതെന്ന തീരുമാനത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്കിൽ തുടക്കം കുറിച്ച പാഥേയം പദ്ധതിക്കെതിരെയാണ്‌ വാർത്താ സമ്മേളനം നടത്തിയത്‌.  ജാഗ്രത നിർദേശത്തെ തുടർന്ന് രണ്ട് മാധ്യമപ്രവർത്തകർമാത്രമാണ് പങ്കെടുത്തത്. പത്തുപേർ ഒരുമിച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തെ ഇവർ ചോദ്യംചെയ്തെങ്കിലും ലോക്ക് ഡൗൺ ബാധകമല്ലെന്ന തരത്തിലായിരുന്നു പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം. തുടർന്ന്‌  സിപിഐ എം വെളിയങ്കോട് ലോക്കൽ  സെക്രട്ടറി എൻ കെ ഹുസൈനും എരമംഗലം ലോക്കൽ സെക്രട്ടറി സുനിൽ കരാട്ടേലും കലക്ടർ ഉൾപ്പെടെയുള്ളവർക്ക് വീഡിയോ സഹിതം പരാതി നൽകുകയായിരുന്നു.  നേരത്തെ, വെളിയങ്കോട് പഞ്ചായത്തിന്റെ സമൂഹ അടക്കളയിലേക്ക് സംഭാവന നൽകിയ ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങാൻ പഞ്ചായത്ത് പ്രസിഡന്റും നേതാക്കളും കൂട്ടത്തോടെ എത്തിയതും വിവാദമായിരുന്നു.
 
87 കേസുകള്‍കൂടി 
മലപ്പുറം
കോവിഡ് 19 പ്രതിരോധത്തിലെ നിരോധനാജ്ഞ ലംഘനത്തിന് ജില്ലയിൽ ചൊവ്വാഴ്ച പൊലീസ് 87 കേസുകൾകൂടി രജിസ്റ്റർചെയ്തു. വിവിധ സ്റ്റേഷനുകളിൽ 145 പേരെ അറസ്റ്റുചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 45 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 1107. അറസ്റ്റ് ചെയ്തവരുടെ എണ്ണം 1477 ആയി. ജില്ലയിലാകെ ഇതുവരെ 366 വാഹനങ്ങളും പിടിച്ചെടുത്തു.
പ്രധാന വാർത്തകൾ
 Top