27 January Friday

പത്തേമാരി കയറിയ കിനാക്കൾ

സ്വന്തം ലേഖകൻUpdated: Wednesday Dec 7, 2022

മലപ്പുറം മഹോത്സവത്തോടനുബന്ധിച്ച് കോട്ടപ്പടി ജിജിഎച്ച്‌എസ്‌എസിന്റെ മതിലിൽ ചിത്രരചന നടത്തുന്ന 
തോലിൽ സുരേഷ്

മലപ്പുറം
പത്തേമാരി കയറി കടൽകടന്ന കിനാക്കളിലേക്ക്‌ നിറംചാലിച്ച്‌ തോലിൽ സുരേഷ്‌. കോട്ടപ്പടി ജിജിഎച്ച്‌എസ്‌എസിന്റെ മതിലിലാണ്‌ പ്രവാസവും മലപ്പുറത്തിന്റെ വികാസവും വിളിച്ചോതുന്ന ചിത്രം. 
കേരളത്തെ സൂചിപ്പിക്കാൻ തലയുയർത്തിനിൽക്കുന്ന തെ ങ്ങ്‌, കടൽ തിരയിലേക്ക്‌ നീങ്ങുന്ന പത്തേമാരിയുടെ പിൻഭാഗം, മരുഭൂമി, മലപ്പുറത്തിന്റെ സാംസ്‌കാരിക പരിണാമം വിളിച്ചോതി തലയെടുപ്പോടെ കോട്ടക്കുന്ന്‌. ഇത്തിരിയിടത്ത്‌ ഒത്തിരി ചരിത്രവും വർത്തമാനവും ഒത്തുചേർന്ന്‌ നിൽക്കുന്നു. 
മലപ്പുറത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക വികാസത്തിൽ പ്രവാസത്തിനുള്ള പങ്ക്‌ ഏറെയാണ്‌. പതിറ്റാണ്ടുകൾക്കു മുമ്പ്‌ പ്രതീക്ഷകൾ കൈമുതലാക്കി കടൽകടന്നവരുടെ അധ്വാനം ഇന്നാടിന്റെ ചരിത്രത്താളുകളിൽ ഒഴിച്ചുകൂടാത്ത ഏടാണ്‌. ദേശാഭിമാനി 80–-ാം വാർഷികത്തിന്റെ ഭാഗമായി ലളിതകലാ അക്കാദമിയുമായി ചേർന്ന്‌ നടത്തിയ സ്‌ട്രീറ്റ്‌ ആർട്‌ ക്യാമ്പിലാണ്‌ ചിത്രമൊരുങ്ങിയത്‌.   
 ‘ചിത്രത്തിലൂടെ പ്രവാസവും, സമകാലികതയും സമന്വയിപ്പിക്കുകയാണ്‌ ഉദ്ദേശിച്ചത്‌. കടുത്ത നിറങ്ങൾ പാടേ ഒഴിവാക്കി സ്വപ്‌നാത്മക രീതിയിലാണ്‌ ചിത്രം. മലപ്പുറമെന്നാൽ പച്ചനിറത്തിലുള്ള വരകളല്ലെന്ന വിളിച്ചോതൽകൂടിയാണ്‌ ലക്ഷ്യമിട്ടത്‌. വരയ്‌ക്കിടെ സ്‌കൂൾ വിദ്യാർഥികളുമായി ഏറെ സംവദിക്കാനും അവസരം കിട്ടി’. തോലിൽ സുരേഷ്‌ പറഞ്ഞു.
25 വർഷമായി കലാരംഗത്ത്‌ സജീവമാണ്‌. കോഹിനൂരിൽ ആർട്‌ സ്‌റ്റുഡിയോ നടത്തുന്നുണ്ട്‌. 2007ൽ ലളിതകലാ അക്കാദമി പുരസ്‌കാരവും രണ്ട്‌ തവണ ഫെലൊഷിപ്പും ലഭിച്ചു. നാഡോ ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top