07 June Sunday

കോവിഡ്‌ തോറ്റു; മറിയക്കുട്ടി വീട്ടിലേക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Apr 7, 2020

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കോവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന മറിയക്കുട്ടി വിതുമ്പുന്നു

മഞ്ചേരി
മൂന്നാഴ്‌ചത്തെ ആശുപത്രിവാസത്തിനുശേഷം രോഗം ഭേദമായി ചക്രക്കസേരയിൽ  വാതിൽ കടക്കുമ്പോൾ മറിയക്കുട്ടിയുടെ കണ്ണുനിറഞ്ഞു.  ലോകത്തെ വിറപ്പിച്ച വൈറസിനെ മുട്ടുകുത്തിച്ച്‌ ജീവിതം തിരികെതന്ന ഡോക്ടർമാരോടും നേഴ്‌സുമാരോടും നന്ദിപറഞ്ഞു. ആംബുലൻസിൽ കയറി  കൈവീശുമ്പോൾ ആ കണ്ഠമിടറി. ‘‘ശ്രദ്ധിച്ചാൽ മതി. ഇനിയൊന്നും പേടിക്കേണ്ട–- ഡോക്ടറുടെ വാക്കുകൾക്ക്‌ സന്തോഷത്തോടെ തലയാട്ടി. കരുതലിന്റെ കുടപിടിച്ച്‌ നാട്‌ കൂടെനിന്നപ്പോൾ മഹാമാരിയെ തോൽപ്പിച്ച് ജില്ലയിലെ ആദ്യ കോവിഡ്- 19 രോഗി ആശുപത്രി വിട്ടു. വൈറസ്‌ വ്യാപന സാധ്യതയുടെ ഹോട്ട്‌ സ്‌പോട്ടായ മലപ്പുറത്തിന്റെ അതിജീവന യുദ്ധത്തിന് ആത്മവിശ്വാസം പകരുന്ന ‘മോചനം’. വണ്ടൂർ വാണിയമ്പലം ശാന്തി സ്വദേശിനി കോക്കോടൻ മറിയക്കുട്ടി (60) തിങ്കളാഴ്‌ച ഉച്ചയ്‌ക്കാണ്‌ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌.  രാവിലെ ഒമ്പതരയോടെ  മക്കളും മരുമക്കളും എത്തി. 
സർക്കാരിനും ആരോഗ്യവകുപ്പിനും ചികിത്സിച്ച ഡോക്ടർമാർക്കും നേഴ്‌സുമാർക്കും മറ്റ് ജീവനക്കാർക്കും നന്ദി അറിയിച്ചാണ്‌ അവർ മറിയക്കുട്ടിയെ സ്വീകരിച്ചത്. മരുമകൻ ചാത്തങ്ങോട്ട്പുറം മേലണ്ണ ഫൈസലിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. വീട്ടിലെത്തിയാലും 14 ദിവസം നിരീക്ഷണത്തിൽ തുടരാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. മാർച്ച് ഒമ്പതിനാണ് മറിയക്കുട്ടി ഉംറ കഴിഞ്ഞ് കരിപ്പൂരിൽ എത്തിയത്. രോഗലക്ഷണമുണ്ടായപ്പോൾ  13ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16ന് രോഗം സ്ഥിരീകരിച്ചു. തുടക്കത്തിൽ ആരോഗ്യനില മോശമായിരുന്നു. വിദഗ്ധ ചികിത്സയിൽ ആരോഗ്യസ്ഥിതി വീണ്ടെടുത്തു.  അവസാനഘട്ട സ്രവ പരിശോധന നെഗറ്റീവായപ്പോൾ  പ്രത്യേക വാർഡിലേക്ക് മാറ്റി. മെഡിക്കൽ ബോർഡിന്റെ അനുമതിയിൽ തിങ്കളാഴ്ച രാവിലെ 10നാണ്‌ ഡിസ്‌ചാർജ് ചെയ്‌തത്‌.പ്രിൻസിപ്പൽ എം പി ശശി, സൂപ്രണ്ട് ഡോ. കെ വി നന്ദകുമാർ, കോവിഡ് നോഡൽ ഓഫീസർ ഡോ. ഷിനാസ് ബാബു, 
ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീനലാൽ, അഫ്‌സൽ, ആർഎംഒമാരായ ഡോ. ജലീൽ വല്ലാഞ്ചിറ, ഡോ. സഹീർ നെല്ലിപ്പറമ്പൻ, നേഴ്‌സിങ് സൂപ്രണ്ട് മിനി, ഹെഡ് നേഴ്‌സുമാരായ ലിജ എസ് ഖാൻ, സുജാത, അനില, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി വി ബിശ്വജിത്ത്, എം ഉമ്മർ എംഎൽഎ എന്നിവരും യാത്രയാക്കാനെത്തി.
 
‘എല്ലാവർക്കും പെര്ത്ത്‌ നന്ദി’
വണ്ടൂർ
‘‘ഒന്നിനും ഒരു കുറവുണ്ടായില്ല. ഡോക്ടർമാരും നേഴ്സുമാരുമെല്ലാം വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്‌. നല്ല പരിചരണം കിട്ടി, ചെറിയ കാര്യങ്ങളിലും എല്ലാവർക്കും വലിയ ശ്രദ്ധയായിരുന്നു. ചികിത്സിച്ച ആരോഗ്യ പ്രവർത്തകർക്കും ഒപ്പംനിന്ന സർക്കാരിനും പെരുത്ത്‌ നന്ദി–-മറിയക്കുട്ടി പറഞ്ഞു. 14 ദിവസംകൂടി വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കണമെന്നും എന്ത് ആവശ്യത്തിനും ഡോക്ടർമാരെ വിളിക്കാമെന്നും പറഞ്ഞിട്ടുണ്ടെന്നും -മറിയക്കുട്ടിയുടെ വാക്കുകൾ. വീട്ടുകാരും വലിയ സന്തോഷത്തിലാണ്. എല്ലാം ആശുപത്രി അധികൃതർതന്നെ ചെയ്തതുകൊണ്ട്‌ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല, ഒരു കാര്യവും അറിയേണ്ടി വന്നിട്ടില്ല –- മൂത്തമകളുടെ ഭർത്താവ് പൊറ്റയിൽ ഫൈസൽ പറഞ്ഞു. നിരീക്ഷണത്തിലായതിനാൽ പരസ്പരം കാണാൻ കഴിഞ്ഞിരുന്നില്ല എന്ന വിഷമംമാത്രമേ ഉണ്ടായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് ഉംറ കഴിഞ്ഞ് മറിയക്കുട്ടി നാട്ടിൽ തിരിച്ചെത്തിയത്. വീട്ടുകാർ, ബന്ധുക്കൾ, അയൽവാസികൾ തുടങ്ങി 300ഓളം പേർ മറിയക്കുട്ടിയുമായി ഇടപഴകി. ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. ആർക്കും പ്രശ്നങ്ങളില്ലാത്തതിനാൽ എല്ലാവരുടെയും നിരീക്ഷണ കാലാവധി തിങ്കളാഴ്ച അവസാനിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top