27 May Wednesday

ജീവനേക്കാൾ വിലയുള്ള സമർപ്പണം

ടി വി സുരേഷ‌്Updated: Tuesday Apr 7, 2020

കോവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങുന്ന മറിയക്കുട്ടിയെ നേഴ്‌സുമാർ യാത്രയാക്കുന്നു

മഞ്ചേരി
മാരക വൈറസുമായി വന്ന  വീട്ടമ്മയെ നീണ്ടചികിത്സയ്‌ക്കും പരിചരണത്തിനുംശേഷം ജീവിതത്തിലേക്കുയർത്തിയ സംതൃപ്‌തിയിലാണ്‌ ഇവർ. കോവിഡിനെ കൊമ്പുകുത്തിച്ച്‌ മറിയക്കുട്ടിയുടെ മടക്കം മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്‌മയുടെ വിജയം. 
‘‘നാലുമണിക്കൂറോളം ഐസൊലേഷൻ വാർഡിൽ പിപി കിറ്റ് ധരിച്ച് ഡ്യൂട്ടിചെയ്ത് പുറത്തുവരുന്ന നേഴ്സും ക്ലീനിങ് ജീവനക്കാരും അനുഭവിച്ച യാതന പറഞ്ഞറിയിക്കാനാകില്ല–-ഐസൊലേഷൻ വാർഡിലെ നേഴ്സിങ് സൂപ്രണ്ട് എം മിനി ജോസഫിന്റെ വാക്കുകളിടറി. ‘‘ഡോക്ടർമാരുടെയും ആരോഗ്യ വകുപ്പിന്റെയും പിന്തുണയാണ് കൃത്യതതോടെ ദൗത്യം പൂർത്തിയാക്കാൻ സഹായിച്ചത്‌.
മുമ്പുണ്ടാകാത്തവിധം ആപൽക്കരമായിരുന്നു ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി.  മടിയൊന്നും കാണിക്കാതെ  മുഴുവൻ നേഴ്സുമാരും കൈകോർത്തു. പലരും വീട്ടുകാരെ നേരിൽ കണ്ടിട്ട് ആഴ്‌ചകളായി. കുട്ടികളെ കുടുംബങ്ങളെ ഏൽപ്പിച്ച് രോഗികൾക്കായി ആശുപത്രിയിൽ കഴിയുകയാണ്‌–-മിനി പറഞ്ഞു.  
മിനിയ്‌ക്കൊപ്പം സൂപ്രണ്ടുമാരായ സി ആയിഷ, എം സുവർണ എന്നിവരുൾപ്പെടെ 47 നേഴ്‌സുമാരാണ്‌  രോഗികൾക്ക്‌ ജീവകവചമൊരുക്കുന്നത്‌. സ്വന്തം വിശപ്പും ദാഹവും മറന്ന്‌ ഓരോ രോഗിക്കും  ആവശ്യപ്പെടുന്ന ഭക്ഷണവും മരുന്നും കൃത്യമായി നൽകും. ഡ്യൂട്ടിക്കിടയിൽ മിക്ക ദിവസവും പല നേഴ്സുമാരും ആകെ  ക്ഷീണിതരായിട്ടുണ്ടാകും. അവസാനത്തെ രോഗിയേയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുംവരെ വിശ്രമമില്ല. നാല് വിഭാഗങ്ങളിലായി ഒരുസമയം അഞ്ച് സ്റ്റാഫ് നേഴ്സുമാർവീതമാണ് ഡ്യൂട്ടിയിലുണ്ടാവുക. ഓരോ ബാച്ചിലുള്ളവർക്കും ഒരാഴ്ചയാണ് ഡ്യൂട്ടി. അതുകഴിഞ്ഞ് 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. 
പിന്നീട് വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കണം. പലരും തമ്മിൽ കണ്ടിട്ടുതന്നെ ആഴ്ചകളായി. ‘‘ഈ പ്രയാസങ്ങളെല്ലാം നീങ്ങി നല്ലൊരു നാൾ വരുമെന്ന് ഉറപ്പാണ്. അതുവരെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് കേട്ട് വീട്ടിലിരിക്കണം–-  നേഴ്‌സിങ് സൂപ്രണ്ടുമാരുടെ അപേക്ഷ. കോവിഡ്- 19 ചികിത്സ വിപുലമാക്കാൻ 36 നേഴ്‌സുമാരെയാണ്‌ എൻആർഎച്ച്എം മെഡിക്കൽ കോളേജിൽ നിയമിച്ചത്. ഒൻപത് ഡോക്ടർമാർ, 20 ശുചീകരണ തൊഴിലാളികൾ, നാല് ലാബ് ടെക്‌നീഷ്യന്മാർ, അഞ്ച് ജെഎച്ച്‌ഐമാർ എന്നിവരെയും നിയമിച്ചു.
പ്രധാന വാർത്തകൾ
 Top