തിരൂർ
കപ്പൽ കലഹവും കമ്പവെടിയും അരങ്ങേറിയ ചരിത്രഭൂമിയിൽ 268 വർഷങ്ങൾക്കുശേഷം സാമൂതിരിയുടെ പിന്മുറക്കാർ എത്തി. മാമാങ്കത്തിലെ മതസൗഹാർദഭൂമികയായ തിരുന്നാവായ ബന്തർകടവിലാണ് സാമൂതിരി കുടുംബം എത്തിയത്. 1755ലാണ് അവസാനമായി സാമൂതിരി മാമാങ്കത്തിനായി തിരുന്നാവായ ബന്തർകടവ് സന്ദർശിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്തും വിവിധ സംഘടനകളം സംയുക്തമായി നടത്തുന്ന മാമാങ്ക ആഘോഷ പരിപാടിയുടെ ഭാഗമായി റി എക്കൗ ആണ് ബന്തർകടവ് പുനരാവിഷ്കരണം നടത്തിയത്.
നിലപാട് തറയിൽ സാമൂതിരി വലത് ഭാഗത്ത് വെട്ടത്ത് രാജാവിനെയും ഇടത് ഭാഗത്ത് ഷഹബന്തർ കോയയേയും സാക്ഷിയാക്കി നവാമുകുന്ദനെ പെരുമാളിന്റെ വാളുവച്ച് വണങ്ങുന്ന ചടങ്ങും കപ്പൽ പ്രദർശനം കാണാനുള്ള എഴുന്നള്ളിപ്പും പ്രതീകാത്മകമായി സംഘടിപ്പിച്ചു. ഇതിനെ അനുഗമിച്ചാണ് കോഴിക്കോട് സാമൂതിരി കുടുംബം തിരുന്നാവായയിലെത്തിയത്.
സാമൂതിരിയെയും സംഘത്തെയും റി എക്കൗ ഭാരവാഹികളായ സതിശൻ കളിച്ചാത്ത്, അസ്ക്കർ പല്ലാർ, വാഹിദ് ആയപ്പള്ളി, സി വി സുലൈമാൻ, റഫീഖ് വട്ടേക്കാട്, പുവ്വത്തിങ്കൽ റഷീദ്, എം കെ സതീഷ് ബാബു, കെ പി അലവി, ഇ എൻ അലി ചേരുരാൽ, സൽമാൻ കരിമ്പനക്കൽ, കോഴിപുറത്ത് ബാവ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് നടന്ന മാമാങ്ക സ്മൃതി സമ്മേളനം സാമൂതിരിയുടെ പ്രതിനിധി ടി ആർ രാമവർമ്മ രാജ ഉദ്ഘാടനംചെയ്തു. അഡ്വ. ഗോവിന്ദ് ചന്ദ്ര രാജ മുഖ്യാതിഥിയായി. മാമാങ്ക സ്മാരകം കെയർടേക്കർ ചിറക്കൽ ഉമ്മർ വിഷയം അവതരിപ്പിച്ചു.
ഉള്ളാട്ടിൽ രവീന്ദ്രൻ, ഷമീർ കളത്തിങ്കൽ, കെ കെ റസാക്ക് ഹാജി, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ പരമേശ്വരൻ, പ്രതീപ് രാമപുരം,വിജയശങ്കർ പാലക്കാട് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..