ഊരകം
ഇടിമിന്നലിൽ ഊരകം പഞ്ചായത്ത് എട്ടാം വാർഡ് പുള്ളിക്കല്ലിൽ വീട് തകർന്നു. മൂന്നുപേർക്ക് പരിക്കേറ്റു. പുള്ളിക്കല്ല് മേലേവളപ്പിൽ മൊയ്തീൻകുട്ടിയുടെ വീടാണ് തകർന്നത്. ഞായർ വൈകിട്ട് 5.30നായിരുന്നു അപകടം.
വീടിന്റെ ഒരുഭാഗവും ഗൃഹോപകരണങ്ങളും ഇലക്ട്രിക്കൽ വയറിങ്ങും പൂർണമായി തകർന്നു. ഈ സമയം മൊയ്തീൻകുട്ടിയുടെ ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ ഖദീജ (45), മകൻ അസീബ് (24) എന്നിവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മകൻ ആഷിഖ് (22) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇടിമിന്നൽ വീടിന്റെ ചുവരിൽ തട്ടി ബെഡ് റൂം പൂർണമായും തകർന്ന നിലയിലാണ്. കല്ലും മണ്ണും ഫർണിച്ചരും കിടക്കയിൽ പതിച്ചു. വീട്ടുമുറ്റത്ത് പതിച്ച വലിയ തീഗോളം വലിയ ശബ്ദത്തിൽ ചുവരിൽ ഇടിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഊരകം വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
പരക്കെ മഴ
ജില്ലയിൽ പലയിടത്തും അപ്രതീക്ഷിത മഴ. ഞായറാഴ്ച വൈകിട്ടോടെ പരക്കെ ഇടിയോടുകൂടിയ മഴ ലഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരം പൊന്നാനി (22.0), നിലമ്പൂർ (8.6), പെരിന്തൽമണ്ണ (16.8), കരിപ്പൂർ (0.1) മില്ലിമീറ്റർ മഴലഭിച്ചു. മലപ്പുറം നഗരത്തിലുൾപ്പെടെ ശക്തമായ മഴയുണ്ടായി. മലയോര മേഖലയിൽ മഴ കുറവായിരുന്നു. ശക്തമായ മിന്നലും ഇടിയുമുണ്ടായി. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഞായറാഴ്ച മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും മലപ്പുറം ഉൾപ്പെട്ടിരുന്നില്ല. ഒമ്പതുവരെ വിവിധയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..