മലപ്പുറം
അഞ്ചാംപനി പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഞായറാഴ്ചയുൾപ്പെടെ പ്രത്യേക ക്യാമ്പ് നടത്തിയും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തിയുമാണ് കുട്ടികളെ വാക്സിനേഷന് എത്തിക്കുന്നത്. 97,356 കുട്ടികൾ ഒന്നാം ഡോസും 1,16,994 കുട്ടികൾ രണ്ടാം ഡോസും പ്രതിരോധ കുത്തിവയ്പ് എടുക്കാനുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ 7843 പേർക്ക് രണ്ട് ഡോസ് വാക്സിൻ നൽകി. 6538 പേർ ഒന്നാം ഡോസ് എടുത്തു. കൂടുതൽ പേരെ ക്യാമ്പുകളിലെത്തിക്കാൻ സ്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കുന്നുണ്ട്.
ജില്ലയിൽ 60 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും അഞ്ചാംപനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിരോധം ഊർജിതമാക്കിയത്. ഞായറാഴ്ച 15 കുട്ടികൾക്കും തിങ്കളാഴ്ച 45 കുട്ടികൾക്കും ഉൾപ്പെടെ 383 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതലായി ബാധിച്ചത്. ജില്ലയിൽ ആവശ്യത്തിന് വാക്സിനുണ്ടെന്നും മുഴുവൻ കുട്ടികൾക്കും കുത്തിവയ്പ് നൽകാൻ രക്ഷിതാക്കൾ മുൻകൈയെടുക്കണമെന്നും ഡിഎംഒ ആർ രേണുക പറഞ്ഞു.
ഷിഗെല്ല പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാണ്. മുന്നിയൂർ സ്വദേശിയായ 10 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചതോടെയാണ് നടപടികൾ. രോഗം പടരാതിരിക്കാനുള്ള നടപടികളാണെടുക്കുന്നത്. കുട്ടിയുടെ ബന്ധുക്കളിലും അയൽപ്പക്കത്തെ ചില വീടുകളിലും രോഗലക്ഷണമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..