മലപ്പുറം
കാടാമ്പുഴ ഭഗവതി ദേവസ്വത്തിലെ തൃക്കാർത്തിക മഹോത്സവം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം നടക്കും. ഇതിൽ ദേവസ്വം ആരംഭിക്കുന്ന ഡയാലിസിസ് സെന്ററും ആശുപത്രിയും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യുന്ന തീയതിയും പ്രഖ്യാപിക്കും. എം രാധ അധ്യക്ഷയാകും. മലബാർ ദേവസ്വം ബോർഡ് കമീഷണർ പി നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് അഡീഷണൽ ഡിഎംഒ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും.
ക്ഷേത്രം തന്ത്രി അണ്ടലാടി മന ഉണ്ണി നമ്പൂതിരിപ്പാട് ദീപം തെളിക്കും. പകൽ മൂന്നിന് ക്ഷേത്രാങ്കണത്തിൽ പെരുവനം കുട്ടൻ മാരാരുടെയും സംഘത്തിന്റെയും പഞ്ചാരിമേളം. രാത്രി എട്ടിന് ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത്യപൂക്കളം. ബുധനാഴ്ച പുലർച്ചെ മൂന്നിന് തൃക്കാർത്തിക ദീപം തെളിക്കും. 3.20 മുതൽ ദർശനം. രാവിലെ 10 മുതൽ മൂന്നുവരെ പിറന്നാൾ സദ്യ. രാത്രി ഏഴുമുതൽ മാടമ്പിയാർക്കാവ് ക്ഷേത്രത്തിൽ വിശേഷാൽ വിളക്കും പൂജയും. രാവിലെ 10 മുതൽ കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം ശർമിള എന്നിവരുടെ ഓട്ടന്തുള്ളൽ. നാദശ്രീ ഓർക്കസ്ട്രയുടെ ഭജനാർച്ചനയും കാറൽമണ്ണ നൃത്യോപദ അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തവും. രാത്രി എട്ടിന് സംഗീതനൃത്ത നാടകം ദേവഗാന്ധാരം.
വാർത്താ സമ്മേളനത്തിൽ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയകുമാർ, മാനേജർ എൻ വി മുരളീധരൻ, എൻജിനിയർ കെ വിജയകൃഷ്ണൻ, കെ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..