16 August Sunday

ബാല്യവിവാഹം വേണ്ട; ബോധവൽക്കരണം ശക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

മലപ്പുറം
ബാല്യവിവാഹങ്ങൾ തടയാൻ നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോ ഓർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ക്ലബ്ബുകളുടെ സഹകരണത്തോടെ ബോധവൽക്കരണം നടത്തും. മലപ്പുറം ഡെലീഷ്യ ഹോട്ടലിൽ വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംഘടിപ്പിച്ച  ‘ബാല്യവിവാഹ വിമുക്ത മലപ്പുറം ജില്ല’ ക്യാമ്പയിനിലാണ്‌ പദ്ധതിക്ക് രൂപംനൽകിയത്‌. 
വിദ്യാലയങ്ങളിൽ ക്ലാസുകൾ, തെരുവുകളിൽ ചർച്ചകളും വീഡിയോ പ്രദർശനങ്ങളും, തെരുവ് നാടകം, ഫ്ലാഷ് മോബ്, കുട്ടികളുടെ വളന്റിയർ ​ഗ്രൂപ്പ് രൂപീകരിക്കൽ എന്നിവ സംഘടിപ്പിക്കും. സാമൂഹ്യമാധ്യമങ്ങൾ വഴിയും ബോധവൽക്കരണം ശക്തമാക്കും. 
ഗ്രാമസഭകളിൽ വിഷയം ചർച്ച ചെയ്യും. ബാല്യവിവാഹത്തിനെതിരെ മികച്ച പ്രവർത്തനം നടത്തുന്ന ക്ലബ്ബുകൾക്ക് ഉപഹാരം നൽകും. യൂത്ത് ക്ലബ്‌ വിവിധ മത്സരങ്ങളും നടത്തും. 
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഹാജറുമ്മ പരിപാടി ഉദ്ഘാടനംചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയം​ഗം അഡ്വ. ഷീന രാജൻ അധ്യക്ഷയായി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീതാഞ്ജലി വിഷയാവതരണം നടത്തി. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ഡി ഉണ്ണികൃഷ്ണൻ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട്ട്, സാമൂഹ്യ പ്രവർത്തക റോസ്മിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top