09 August Sunday

പടവിറങ്ങാം ഇന്നലെയുടെ ആഴങ്ങളിലേക്ക്‌

പി എ സജീഷ്Updated: Thursday Dec 5, 2019
 
പൊന്നാനി  
ആഴങ്ങളിലേക്ക്‌ പടവിറങ്ങുന്ന ഓരോ ചവിട്ടുപടിയിലും മായാത്ത പാടുകൾ കാണാം. പടപ്പുറപ്പാടിന്റെയും രാജതന്ത്രങ്ങളുടെയും രാജ്യസമ്പത്തിന്റെയും  ശേഷിപ്പുകൾ. വന്നേരി പെരുമ്പടപ്പിലെ ‘വലിയ  കിണർ' ആണ്‌ ഇന്നലെകളുടെ വാതിൽ തുറക്കുന്നത്‌.  പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുത്ത കിണറിന്റെ സംരക്ഷണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്‌.
സാമൂതിരിയുടെ ആക്രമണം ഭയന്ന് പെരുമ്പടപ്പ് രാജവംശം കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളത്തേക്കും പിന്നീട്  കൊച്ചിയിലേക്കും പലായനംചെയ്തുവെന്നാണ് ചരിത്രരേഖകൾ. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം വന്നേരി പെരുമ്പടപ്പിലായിരുന്നെന്നും  കൊട്ടാരത്തിന്റെ അന്തപ്പുരത്തിനോട് ചേർന്നുള്ള കിണറാണ്  ‘വലിയ കിണറെന്നും’ ചരിത്രസ്നേഹികളും പഴമക്കാരും പറയുന്നു. 
800 വർഷത്തോളം പഴക്കമുള്ള  പെരുമ്പടപ്പിലെ  വലിയ കിണർ 2016ലാണ്‌ പുരാവസ്തു വകുപ്പ്‌ ഏറ്റെടുത്തത്‌. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണർ നികത്താൻ ശ്രമിച്ചതോടെ നാട്ടുകാർ പ്രതിക്ഷേധിച്ചെത്തി. ഇതോടെ ആർഡിഒ സ്ഥലം ഉടമക്ക്‌ സ്‌റ്റോപ് മെമ്മോ നൽകി. പിന്നീട്‌ നടത്തിയ അന്വേഷണത്തിൽ കിണർ  13ാം നൂറ്റാണ്ടിന്റെ നിർമിതിയാണെന്നും രാജവംശത്തിന്റെ  ചരിത്രശേഷിപ്പുകളിൽ ഒന്നാണെന്നും തിരിച്ചറിഞ്ഞു. 2016ൽ കിണറും അതിനോടുചേർന്നുള്ള നാലുസെന്റും  പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുത്തു. നവീകരണത്തനായുള്ള പുതിയ പദ്ധതി  പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചു. തകർന്ന ഭാഗങ്ങൾ പുതുക്കിപ്പണിയാൻ നടപടിയെടുത്തു. കിണർ നിർമിച്ച മാതൃകയിലുള്ള ചെങ്കല്ലിനായി ഓർഡർ നൽകി.  ഇരുപത്തിയഞ്ചോളം തൊഴിലാളികൾ ചേർന്ന്‌ കിണറിലെ മാലിന്യം എടുത്തുമാറ്റി. കിണറിന്‌ ചുറ്റുമതിൽകെട്ടി സംരക്ഷിക്കുന്നതിനായി പ്രവൃത്തി  ആരംഭിച്ചു. നിർമാണത്തിനായി  എട്ടുലക്ഷം സർക്കാർ ചെലവഴിക്കും.ഏകദേശം 10 മുതൽ 12 വരെ മീറ്റർ വ്യാസമുള്ളതാണ് കിണർ. 50 സെന്റീമീറ്റർ നീളവും അത്രതന്നെ വലിപ്പവുമുള്ള ചെങ്കല്ലിൽ മനോഹരമായി കെട്ടിപ്പടുത്ത കിണറിന്റെ ഒരു പടിക്കെട്ടിന് ഒന്നേകാൽ മീറ്ററോളം ഉയരം ഉണ്ട്. അഞ്ചുപടികൾ വെള്ളത്തിനുമുകളിൽ കാണാം. ഇത്തരത്തിലുള്ള  ഏകദേശം 25ഓളം പടിക്കെട്ടുകളുണ്ടെന്നാണ് പുരാവസ്തു വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top