30 May Saturday

ആ മണ്ണിലുയിർക്കുന്നത്‌ ഞങ്ങളുടെ കൂട്ടുകാരി..

ജോബിൻസ‌് ഐസക‌്Updated: Thursday Sep 5, 2019

ഓടക്കയം ഗവ. യുപി സ്‌കൂളിൽ ഷിബിലയുടെ സ്‌മാരകമായി ഉയരുന്ന ശിൽപ്പം

.

അരീക്കോട്
സ്കൂൾ മുറ്റത്തെ ചതുരത്തറയിൽ തെളിയുന്ന മനുഷ്യരൂപത്തിലേക്ക് നോക്കി ഏഴാം ക്ലാസുകാരി അമൃത പറഞ്ഞു. ‘ആ മണ്ണിലുയിർക്കുന്നത്‌ ഞങ്ങളുടെ ഷിബിലയാണ്. മണ്ണിനെയും മരങ്ങളെയും പൂക്കളെയും സ്നേഹിച്ച ഞങ്ങളുടെ കൂട്ടുകാരി’.  ഉരുളെടുത്ത സഹപാഠിയുടെ സ്മാരകത്തിന് കാവലിരിക്കുകയാണ് ഓടക്കയം ഗവ. യുപിഎസിലെ കൂട്ടുകാരുടെ കണ്ണുകൾ. പാതിയായ ശിൽപ്പത്തിലേക്ക് വീഴുന്ന മഴത്തുള്ളികളിൽ അവരുടെ കണ്ണീരലിഞ്ഞു.  
പഠനപ്രവർത്തനത്തിന്‌ പോസ്‌റ്റർ നിർമിച്ചപ്പോൾ അവൾ വരച്ച മുത്തശ്ശി മരത്തിന്റെ ചേല്‌ കൂട്ടുകാരായ അർച്ചനയും ഗീതയും നിഷാഗും ഓർത്തെടുത്തു. കൊടിയ വേനലിലും അടരുകളിൽ വെള്ളത്തുള്ളികൾ ഈറിയിറ്റുന്ന ഈങ്ങാപ്പാറ എന്നും അവളുടെ കഥകളിലുണ്ടായിരുന്നു. അവിടെ വളരുന്ന ബാൾസ്‌ ചെടിയിലെ വെളുപ്പും ചുവപ്പും പൂക്കളെക്കുറിച്ച്‌ അവൾ കൂട്ടുകാർക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. 
കുഴമറിഞ്ഞ ചേറ്റുമണ്ണിനടിയിൽ അവളുടെ പ്രാണനറ്റ ശരീരം കണ്ടെടുത്തത് വർഷമൊന്നുകഴിഞ്ഞിട്ടും കൂട്ടുകാർ മറന്നില്ല. ചോലാറയിലെ ബദൽ സ്കൂളിന്റെ പരിമിതിയിൽനിന്ന് പുസ്തകവുമായി ഇറങ്ങിവന്ന അവളെ വാർത്തെടുക്കുകയാണ് ആ ശിൽപ്പം, കാടും മണ്ണും ഗോത്രവർഗ ജീവിതവും ചേർന്ന പശ്ചാത്തലത്തിൽ. മലമുകളിൽ പുസ്തകം പിടിച്ച് നിവർന്ന് നിൽക്കുന്ന പെൺകുട്ടി ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങളെ അടയാളപ്പെടുത്തുമെന്ന്‌ ഹെഡ്‌മിസ്‌ട്രസ്‌ മിനി എം ജോർജും അധ്യാപകൻ പി എൻ അജയനും പറഞ്ഞു.  
ചേച്ചി വിവാഹിതയായിവന്ന ഓടക്കയം നെല്യായിയിലെ വീട്ടിൽ താമസിച്ചായിരുന്നു ഷിബിലയുടെ പഠനം. ആഴ്ചയൊടുക്കം ചോലാറയിലെ സ്വന്തം വീട്ടിലേക്കുപോകും.  നെല്യായി ആദിവാസി ഊരിൽനിന്ന് ഈങ്ങാപ്പാറ കയറി കാട്ടിലൂടെ തെക്കോട്ട് ഒന്നര മണിക്കൂർ നടന്നാൽ ചോലാറ മലയിലെത്താം. അവൾ ചെല്ലാത്ത ആഴ്‌ചവട്ടങ്ങളിൽ സ്‌കൂളിലേക്ക്‌ അച്ഛനും അമ്മയും ഏട്ടൻമാരും വരും. ക്ലാസ്‌ മുറിയ്‌ക്കു മുന്നിലെ വരാന്തയിൽ അവളെ പൊതിഞ്ഞ്‌ അവരുടെ സ്നേഹപ്രകടനങ്ങൾ. മടങ്ങുമ്പോൾ സങ്കടം തുളുമ്പി കൺതടങ്ങൾ. 2018 ആഗസ്ത് 17ന് അവൾ അവസാനമായി ചോലാറ കയറിയത് വെള്ളയിൽ പൊതിഞ്ഞാണ്, കൂടെ  ചേച്ചിയും. 
ഷിബിലയും ചേച്ചി അമ്പിളിയും ഭർത്താവ്‌ ഉണ്ണികൃഷ്‌ണനുമടക്കം ഏഴുപേരാണ്‌ ഉരുൾപൊട്ടലിൽ മരിച്ചത്‌. അതിജീവന ആശയവുമായി മലപ്പുറം ഡയറ്റിന്റെ പിന്തുണയോടെ കാൻവാസ് ആർട്ട് ഗ്രൂപ്പ് എന്ന ചിത്രകലാധ്യാപക കൂട്ടായ്മ മുൻകൈയെടുത്തു. അറിയപ്പെടുന്ന ശില്പികൾ നിർമാണം തുടങ്ങി.  മഴ മാറിയാൽ ഗാന്ധിജയന്തി ദിനത്തിൽ ശില്‍പ്പം  സമർപ്പിക്കും. രണ്ടു ലക്ഷം രൂപയാണ്‌ ചെലവ്‌.

 

പ്രധാന വാർത്തകൾ
 Top