10 September Tuesday
ചാലിയാറില്‍ തിരച്ചില്‍ തുടരും

സർവസന്നാഹങ്ങളോടെ

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

മുണ്ടേരി ഇരുട്ടുകുത്തി വനത്തിൽനിന്ന്‌ കണ്ടെത്തിയ മൃതദേഹം ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകർ ആംബുലൻസിലേക്ക്‌ കൊണ്ടുപോകുന്നു

മലപ്പുറം

വയനാട് ഉരുള്‍‌പൊട്ടലില്‍പ്പെട്ടവര്‍ക്കായി ഞായറാഴ്ചയും ചാലിയാര്‍ തീരത്ത് തിരച്ചില്‍ തുടര്‍ന്നു. വന്‍ സന്നാഹങ്ങളോടെ 627 പേരാണ് തിരച്ചിലില്‍ പങ്കെടുത്തത്. ഇരുട്ടുകുത്തിക്കടവില്‍നിന്ന് മുകളിലേക്കായിരുന്നു തിരച്ചില്‍. തീരത്തിന്റെ ഇരുകരകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പൊലീസ്, ഫയര്‍ ഫോഴ്സ്, ഇആര്‍എഫ്, തണ്ടര്‍ ബോള്‍ട്ട്, ഫോറസ്റ്റ് ഉദ്യോ​ഗസ്ഥര്‍ക്കൊപ്പം സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമുണ്ടായിരുന്നു. രാവിലെ ഏഴോടെ ഇരുട്ടുകുത്തി കടവില്‍നിന്ന് പല ടീമുകളായാണ് പുറപ്പെട്ടത്. ഇവര്‍ക്ക് ലഘുഭക്ഷണ കിറ്റ്, ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ എന്നിവ നല്‍കിയിരുന്നു. പകല്‍ രണ്ടുവരെ തിരച്ചില്‍ നടത്തി വൈകിട്ട് ആറിനുള്ളില്‍ തിരിച്ചെത്തണമെന്നായിരുന്നു നിര്‍ദേശം. മണല്‍ത്തിട്ടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മരങ്ങള്‍ വന്നടിഞ്ഞ പ്രദേശങ്ങളിലും ഈച്ചയരിക്കുന്ന സ്ഥലങ്ങളിലുമാണ് വ്യാപകമായി തിരയുന്നത്. രാത്രി തിരിച്ചിറങ്ങാൻ വൈകിയ 18 അംഗ സംഘം ഒരു മൃതദേഹവുമായി കാന്തൻപാറ ഫോറസ്റ്റ്‌ ക്യാമ്പിൽ തങ്ങി. ഇവർ തിങ്കളാഴ്‌ച തിരിച്ചിറങ്ങും. 
തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ഇരുട്ടുകുത്തിയിൽനിന്ന് താഴേക്ക് തിരച്ചിൽ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, നിലമ്പൂർ ബിഡിഒ എ ജെ സന്തോഷ്, ജനപ്രതിനിധികളായ ഷാജി ജോൺ, എം എ തോമസ്, മുസ്തഫ പാക്കട, പോത്തുല്ല് ഇൻസ്‌പെക്ടർ ദീപക് കുമാർ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ബോബികുമാർ, വില്ലേജ് ഓഫീസർ കെ പി വിനോദ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
 
ചാലിയാറില്‍ 
2 മൃതദേഹങ്ങള്‍കൂടി
മലപ്പുറം
വയനാട് ഉരുൾപൊട്ടലിൽപ്പെട്ടവർക്കായി ചാലിയാർ പുഴയിൽ ഞായറാഴ്ച നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും 26 ശരീരഭാഗങ്ങളും കണ്ടെത്തി. പുഴയോടുചേർന്ന വനമേഖലയിൽ വനം വകുപ്പ് നേതൃത്വത്തിൽ വിവിധ സേനാം​ഗങ്ങളും സന്നദ്ധ പ്രവർത്തകരുമാണ് തിരച്ചിൽ നടത്തിയത്. പോത്തുകല്ല് പഞ്ചായത്ത് പരിധിയിൽനിന്ന് ഉരുൾപൊട്ടൽ നടന്ന ചൂരൽമല ഭാഗത്തേക്കാണ് തിരച്ചിൽ നടത്തുന്നത്. മുണ്ടേരി ഫാമിൽനിന്ന് ടീമുകളായിത്തിരിഞ്ഞ് ഇരുട്ടുകുത്തികടവുമുതൽ മുകളിലേക്കായിരുന്നു പരിശോധന. ചാലിയാറിന്റെ മറ്റ്‌ ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുന്നുണ്ട്.  
ജില്ലയിൽനിന്ന് ലഭിച്ചത് 75 മൃതദേഹങ്ങൾ
ഇതുവരെ ജില്ലയിൽനിന്ന് 75 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും ലഭിച്ചു. 38 പുരുഷന്മാരും 30 സ്ത്രീകളും മൂന്ന് ആൺകുട്ടികളും നാല് പെൺകുട്ടികളും മരിച്ചവരിലുൾപ്പെടുന്നു. 
മൃതദേഹങ്ങളുടെയും ശരീരഭാ​ഗങ്ങളുടെയുമുൾപ്പെടെ 217 പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇതിൽ 203 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുത്തു.
 
ഞങ്ങളുണ്ട് 
ഡിവൈഎഫ്ഐ
 
മലപ്പുറം
ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡ്. കുറച്ചുനാളുകളായി വലിയൊരു ദൗത്യത്തിലാണ് ഈ സംഘം. വയനാട് ഉരുൾപൊട്ടലിൽ നാട് ഞെട്ടിയനേരം പകച്ചുനിൽക്കാതെ ദുരന്തമുഖത്തിറങ്ങിയവർ. ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിൽ മാതൃകതീർത്തവർ. ചാലിയാറിന്റെ തീരത്തടിഞ്ഞ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താൻ അക്ഷീണം പ്രയത്നിക്കുന്നവർ.  
30ന് രാവിലെയാണ് ചാലിയാർ തീരത്തുനിന്ന് ആദ്യ മൃതദേഹം കിട്ടുന്നത്. ഉണർന്നുപ്രവർത്തിച്ച സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡിന്റെ ചെറുപ്പക്കാരും അണിനിരന്നു. ദുർഘടമായ പാതയിലൂടെ കിലോമീറ്ററുകളോളം നടന്ന് മൃതദേഹങ്ങളും ശരീരഭാ​ഗങ്ങളും കണ്ടെത്തി. ശരീരഭാ​ഗങ്ങൾ തുണിയിൽക്കെട്ടി തോളിൽത്തൂക്കി മണിക്കൂറുകളോളം നടന്നാണ് കാടിനുപുറത്ത് കൊണ്ടുവരുന്നത്. കുത്തിയൊലിച്ച ചാലിയാർ പുഴ നീന്തിക്കടന്നായിരുന്നു ആദ്യനാളുകളിൽ വനത്തിലേക്ക് പ്രവേശിച്ചത്. സംഘങ്ങളായി പലവഴിക്ക് പിരിയും. മൃതദേഹഭാഗങ്ങൾ കണ്ടാൽ സൂക്ഷ്മതയോടെ എടുത്ത് ഇക്കരെയെത്തിക്കും. അസഹ്യമായ ദുർ​ഗന്ധത്തിലും തളരാതെ പ്രവർത്തനം പൂർത്തിയാക്കും. 
വിദ്യാർഥികളും കൂലിപ്പണിക്കാരുമൊക്കെയാണ് യൂത്ത് ബ്രിഗേഡ് അം​ഗങ്ങളിലെ ഭൂരിഭാ​ഗവും. പ്രതിഫലേച്ഛയില്ലാതെയാണ് ഈ സൈന്യം സന്നദ്ധ പ്രവർത്തനത്തിന്റെ ചുക്കാൻപിടിക്കുന്നത്. പൊലീസിനും ഫയർ ഫോഴ്സിനും സൈന്യത്തിനുംവരെ സഹായമേകി ഒപ്പമുണ്ട്. 
പുലർച്ചെ അഞ്ചോടെത്തന്നെ പോത്തുകല്ലിലെത്തുന്ന പ്രവർത്തകർ ആവശ്യമായ തയ്യാറെടുപ്പുകൾക്കുശേഷം ഏഴോടെയാണ് തിരച്ചിൽ ആരംഭിക്കുന്നത്. ഇതുവരെ 612 പ്രവര്‍ത്തകരാണ് തിരച്ചിലിന്റെ ഭാ​ഗമായത്. ചൊവ്വ– 47, ബുധൻ– -150, വ്യാഴം– 128, വെള്ളി– 60, ശനി– 80,  ഞായർ– 147 എന്നിങ്ങനെ അം​ഗങ്ങള്‍ തിരച്ചിലിന്റെ ഭാ​ഗമായി. ഇതിനുപുറമെ ആശുപത്രികളിലും ആംബുലന്‍സുകളിലും മറ്റിടങ്ങളിലുമായി ആയിരത്തോളം പ്രവര്‍ത്തകര്‍ ദൗത്യത്തിന്റെ ഭാഗമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷെബീറാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top