24 September Friday
എല്ലാ കടകളും ആഴ്‌ചയിൽ 
6 ദിവസം തുറക്കും

തുറക്കാം കരുതലോടെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

മലപ്പുറം
കോവിഡ്‌ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചത്‌ ജില്ലയുടെ വ്യാപാര, വാണിജ്യ മേഖലയ്‌ക്ക്‌ ഉണർവേകും. കോവിഡ്‌ രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയാണ്‌ ലോക്ഡൗണിൽ ഇളവ്‌ പ്രഖ്യാപിച്ചത്‌. ജനസംഖ്യാടിസ്ഥാനത്തിൽ ടിപിആർ കണക്കാക്കി ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനവും ജില്ലയ്‌ക്ക്‌ ആശ്വാസമാണ്‌. ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ലയിൽ കച്ചവടസ്ഥാപനങ്ങൾ തുറക്കുമ്പോൾ കരുതൽ മാത്രമാണ്‌ പ്രതിരോധം.
നിലവിൽ ജില്ലയിൽ 56 തദ്ദേശ സ്ഥാപനങ്ങൾ ഡി ഗ്രേഡിലാണ്‌. ഇവിടങ്ങളിൽ നിലവിൽ അവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രം തുറക്കാനാണ്‌ അനുമതി. പുതിയ നിബന്ധനയനുസരിച്ച്‌ ഒരുപ്രദേശത്തെ ആയിരം പേരിൽ 10 പേർക്ക്‌ മുകളിൽ രോഗം സ്ഥിരീകരിച്ചാൽ മാത്രമേ ട്രിപ്പിൾ ലോക്‌ഡൗൺ നടപ്പാക്കൂ. ടിപിആർ നിരക്ക്‌ കൂടിയതിന്റെ പേരിൽ തദ്ദേശസ്ഥാപനമാകെ അടച്ചിടുന്ന രീതിക്കാണ്‌ മാറ്റംവരുന്നത്‌. സി ഗ്രേഡിൽ 30ഉം ബി-യില്‍ 20ഉം തദ്ദേശസ്ഥാപനങ്ങളാണുള്ളത്‌. ഇവിടങ്ങളിൽ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക്‌ മാത്രമാണ്‌ എല്ലാ ദിവസവും പ്രവര്‍ത്തിക്കാൻ അനുമതി ഉണ്ടായിരുന്നത്‌. പുതിയ നിർദേശമനുസരിച്ച്‌ എല്ലാ കടകളും ആഴ്‌ചയിൽ ആറ്‌ ദിവസം തുറക്കും. ലോക്‌ഡൗണിൽ വരുമാനം നഷ്ടമായ കട ഉടമകൾക്കും ജോലിയില്ലാതായ തൊഴിലാളികൾക്കും സർക്കാർ തീരുമാനം ആശ്വാസമാകും.
ഒരു ഡോസ്‌ വാക്‌സിൻ സ്വീകരിച്ചവരോ ആർടിപിസിആർ ടെസ്‌റ്റ്‌ നെഗറ്റീവായവരോ വ്യാപാര സ്ഥാപനങ്ങളിൽ പോകുന്നതാണ്‌ അഭികാമ്യമെന്ന്‌ സർക്കാർ നിർദേശിച്ചിട്ടുണ്ട്‌. പൊതുജനം ഇത്‌ പാലിച്ചാൽ കടകൾ വഴിയുള്ള രോഗവ്യാപനം പൂർണമായും തടയാനാകും.
ജില്ലയിൽ ഇതുവരെ 17,06,889 പേർ കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 11,96,090 പേരാണ്‌ ഒന്നാം ഡോസ്‌ സ്വീകരിച്ചത്‌. കൂടുതൽ പേർ വാക്‌സിൻ സ്വീകരിക്കുന്നതോടെ വ്യാപാര, വാണിജ്യ മേഖല കൂടുതൽ സജീവമാകും. സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന്‌ വ്യാപാരസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന്‌ സർക്കാർ നിർദേശിച്ചിട്ടുണ്ട്‌. 
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ കൂടുതൽ ജീവനക്കാർ എത്തുന്നതും കൂടുതൽ ദിവസങ്ങളിൽ തുറന്ന്‌ പ്രവർത്തിക്കുന്നതും ജനങ്ങള്‍ക്ക് ആശ്വാസമാകും. ആരാധനാലയങ്ങളിലും 40 പേർക്ക്‌ പ്രവേശന അനുമതിയുണ്ട്‌. തദ്ദേശ സ്ഥാപനങ്ങളും പൊലീസും കോവിഡ്‌ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കും.

വ്യാപാരി സമൂഹം *സഹകരിക്കും
വ്യാപാരികളുടെ പ്രയാസങ്ങളും പ്രതിസന്ധികളും മനസ്സിലാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹം. തിരക്ക്‌ കുറയ്ക്കുന്നതിന്‌ സർക്കാർ നിർദേശിക്കുന്ന നടപടികളോട് വ്യാപാരി സമൂഹത്തിന്റെ നല്ല സഹകരണമുണ്ടാകും. വ്യാപാരി വ്യവസായി സമിതി നൽകിയ നിർദേശം സർക്കാർ അംഗീകരിച്ചത് ശ്ലാഘനീയമാണ്.
ഹംസ പുല്ലാട്ടിൽ
ജില്ലാ സെക്രട്ടറി
വ്യാപാരി വ്യവസായി സമിതി


സന്തോഷവും *പ്രതീക്ഷയും
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനം സ്വാഗതാർഹം. കോവിഡ് വ്യാപനത്തിലും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തന സമയം അനുവദിച്ചത് ഏതൊരു കച്ചവടക്കാരനും സന്തോഷവും പ്രതീക്ഷയും നൽകുന്നതാണ്. തീരുമാനം മേഖലയ്ക്ക് വലിയ ആശ്വാസമേകും. വ്യാപാരികൾ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാനുള്ള അനുമതിയും പരിഗണിക്കണം.
പി കുഞ്ഞാവുഹാജി
ജില്ലാ പ്രസിഡന്റ്‌
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top