19 September Saturday

2 ദിവസംകൂടി; പിന്നെ കൈനിറയെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

പൊന്നാനി ഹാര്‍ബറില്‍ അവസാനഘട്ട ജോലികളിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍

പൊന്നാനി 
ട്രോളിങ്‌ നിരോധ കാലയളവും അൽപ്പദിവസവും പിന്നിട്ട്‌ മീൻപിടിത്ത ബോട്ടുകൾ വെള്ളിയാഴ്ച രാത്രിയോടെ  കടലിലേക്ക്‌. ബുധനാഴ്ചമുതൽ  കടലിൽ പോവാൻ കലക്ടർ അധ്യക്ഷനായ ഹാർബർ മാനേജ്‌മെന്റ്‌ കമ്മിറ്റി അനുമതി നൽകിയെങ്കിലും കാലാവസ്ഥ മോശമായതിനാൽ മത്സ്യതൊഴിലാളികൾ വെള്ളിയാഴ്ചയിലേക്ക്‌ തീരുമാനിക്കുകയായിരുന്നു. ബോട്ടുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി അവസാന മിനുക്കുപണിയിലാണ്. വലുതും ചെറുതുമായി രജിസ്റ്റർചെയ്ത 191 ബോട്ടുകൾ പൊന്നാനിയിലുണ്ട്‌. കോവിഡ്‌ ലോക്ക് ഡൗണും കടൽക്ഷോഭവും രോഗവ്യാപനവുമെല്ലാം ഇത്തവണ തീരത്തിന്‌ വലിയ അടിയാണ്‌ സമ്മാനിച്ചത്‌. അതിനാൽ വട്ടിപ്പലിശക്ക് പണം കടമെടുത്ത്‌ പോലുമാണ്‌‌ പലരും ബോട്ടുകൾ നന്നാക്കിയിട്ടുള്ളത്‌. കടൽ കനിയുമെന്ന പ്രതീക്ഷയാണ്‌ മുന്നിൽ. 
ചട്ടംപാലിച്ച്‌ കച്ചവടവും വിൽപ്പനയും
കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള മീൻ പിടിത്തത്തിനും വിൽപ്പനയ്‌ക്കുമാണ്‌ ചൊവ്വാഴ്ച ചേർന്ന ഹാർബർ മാനേജ്മെന്റ്‌ കമ്മിറ്റി അനുമതി നൽകിയത്‌. മീൻ പിടിക്കാൻ പോവുമ്പോഴും തിരിച്ചുവരുമ്പോഴും സാമൂഹിക അകലം പാലിക്കാൻവേണ്ട നടപടികളെടുക്കണം. ലേലംവിളി അനുവദിക്കില്ല. പകരം മത്സ്യബോർഡ് തീരുമാനിക്കുന്ന വിലയ്‌ക്ക്‌ മീൻ വിൽക്കും. ഹാർബർ രാവിലെ ഏഴുമുതൽ ഒന്നുവരെ പ്രവർത്തിക്കും. ഇവിടെയെത്തുന്നവർ മാസ്‌കിടണം. സാമൂഹിക അകലവും പാലിക്കണം. അല്ലാത്തവർക്കെതിരെ പൊലീസ് നടപടിയെടുക്കും.
ഹാർബറിനകത്ത് ചില്ലറ വിൽപ്പനയുണ്ടാകില്ല. മീൻ വാങ്ങാനെത്തുന്ന മത്സ്യതൊഴിലാളികൾക്ക് ടോക്കൺ നൽകും. 50 വീതം പേരെവീതം കടത്തിവിടും. ഒരുമണിക്കൂറിനുള്ളിൽ ഹാർബറിൽനിന്ന് പുറത്തുകടക്കണം.
മത്സ്യം വാങ്ങാനെത്തുന്നവർ 9567632563 നമ്പറിൽ വിളിച്ച്  8 മുതൽ 5 വരെ രജിസ്റ്റർ ചെയ്യണം
ഇന്ന്‌ യോഗം
ചെറുകിട മത്സ്യ കച്ചവടക്കാരെ ഹാർബറിൽ പ്രവേശിപ്പിക്കാതെ മത്സ്യഫെഡ്‌ നേതൃത്വത്തിൽ രണ്ടോ മൂന്നോ കേന്ദ്രങ്ങളിലെത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് നൽകണമെന്ന സർക്കാർ നിർദേശം ചർച്ചചെയ്യാൻ ബുധനാഴ്ച രാവിലെ ഹാർബർ ഓഫീസിൽ യോഗംചേരും. മത്സ്യം എത്തിക്കാനുള്ള വാഹനവും പെട്ടിയും മത്സ്യഫെഡിനില്ല. ഇതിനാൽ മൊത്ത കച്ചവടക്കാരുടെ സഹായത്തോടെ എത്തിക്കാനാണ് ആലോചിക്കുന്നത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top