24 September Thursday

എക്സ്യൂസ് മീ...

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

മാസ്‌ക്‌ ധരിക്കാതെ റോഡിലിറങ്ങിയ ബൈക്ക്‌ യാത്രികനെ തൃശൂർ റെയിഞ്ച് ഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ മാസ്ക് ധരിപ്പിക്കുന്നു

മലപ്പുറം
കോവിഡ്‌‌ സമ്പർക്ക ബാധ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ്‌ പരിശോധന കർശനമാക്കി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന്‌‌ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിനും ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിനുമായി ജില്ലയിൽ രണ്ട്‌ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ രണ്ട്‌ ടീം രൂപീകരിച്ചു‌. തൃശൂർ റെയ്‌ഞ്ച്‌ ഐജി എസ്‌ സുരേന്ദ്രനാണ്‌ ജില്ലയുടെ ചുമതല. 
മലപ്പുറം എസ്‌പി യു അബ്ദുൾ കരീം ഇൻസിഡന്റ്‌‌ മേധാവിയായി പ്രവർത്തിക്കും. രണ്ട്‌ ഡിവൈഎസ്‌പിമാർക്കാണ്‌ സ്‌റ്റേഷനുകളുടെ ചുമതല. ഒരു ടീം സമ്പർക്ക പട്ടിക തയ്യാറാക്കും. മറ്റൊരു ടീം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കും. സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈഎസ്‌പി സണ്ണി ജോസഫിനാണ്‌ ക്വാറന്റൈൻ നിരീക്ഷണ ചുമതല.  നാർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പി ഷംസു സമ്പർക്ക പട്ടിക തയ്യാറാക്കുന്ന ടീമിന്റെ ചുമതല വഹിക്കും. 
ജില്ലയിലെ എല്ലാ സ്‌റ്റേഷനിലും ഒരു എസ്‌ഐയും രണ്ട്‌ പൊലീസുകാരും സമ്പർക്ക പട്ടിക തയ്യാറാക്കാൻമാത്രം പ്രവർത്തിക്കും. കോവിഡ്‌ രോഗികളുടെ പ്രൈമറി, സെക്കൻഡറി സമ്പർക്കക്കാരെ കണ്ടെത്തുകയാണ്‌ ഇവരുടെ ജോലി. ഇവരെ ആശുപത്രിയിലേക്കോ ക്വാറന്റൈൻ കേന്ദ്രത്തിലേക്കോ മാറ്റുന്നതിനും പൊലീസ്‌ ഇടപെടും. അടിയന്തര ഇടപെടൽവഴി സമ്പർക്കബാധ തടയുകയാണ്‌ ലക്ഷ്യം. 
 ക്വാറന്റൈൻ ലംഘനം ഉൾപ്പെടെ തടയാൻ പൊലീസിന്‌ പൂർണ അധികാരം നൽകിയിട്ടുണ്ട്‌. ഇതിനായി എല്ലാ സ്‌റ്റേഷനിലും ഒരു പൊലീസുകാരന്‌ പ്രത്യേക ചുമതല നൽകി.  കണ്ടെയ്‌മെന്റ്‌ സോണുകളിൽ കർശന പരിശോധന ഉണ്ടാകും. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന്‌ എസ്‌പി യു അബ്ദുൾ കരീം പറഞ്ഞു.  
ഐജി എസ്‌ സുരേന്ദ്രൻ, എസ്‌പി യു അബ്ദുൾ കരീം, സിഐ പ്രേംജിത്ത്‌ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം കിഴക്കേത്തലയിൽ വ്യാപക പരിശോധന നടത്തി. മാസ്‌ക്‌ ധരിക്കാത്തതിന്‌ നിരവധി പേർക്ക്‌ പിഴചുമത്തി. ഓട്ടോറിക്ഷകളുടെ ഡ്രൈവർ സീറ്റിന്റെ പിറകുവശം പ്ലാസ്‌റ്റിക്‌ ഷീറ്റ്‌ കൊണ്ട്‌ മറയ്‌ക്കാൻ നിർദേശം നൽകി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top