12 August Wednesday
ക്വാറന്റൈൻ ലംഘനം‐ നിരീക്ഷണം ലംഘിച്ച്‌ കറങ്ങിയ 2 യുവാക്കൾക്ക്‌ രോഗം

ആശങ്ക

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
 
മലപ്പുറം
ജില്ലയിൽ കോവിഡ്‌ രോഗികൾ വർധിക്കുന്നത്‌ ഭീതി പരത്തുന്നതിനിടെ ഊർങ്ങാട്ടിരിയിലും ചീക്കോടും ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കൾക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ചീക്കോട് പഞ്ചായത്തിലെ കുനിത്തലകടവ് സ്വദേശിയാണ്‌ കോവിഡ്‌ സമ്പർക്ക വിലക്കിന്‌ പുല്ലുവില കൽപ്പിച്ചത്‌.  
ജൂൺ 18നാണ് ഇയാൾ ജമ്മുവിൽനിന്ന് നാട്ടിലെത്തിയത്.  തുടർന്ന്‌ ബുധനാഴ്ച ഇയാൾക്ക്‌‌ രോഗം സ്ഥിരീകരിച്ചു‌‌. അതിനുമുൻപ്‌ നിരീക്ഷണത്തിൽ കഴിയവേ ആരോഗ്യപ്രവർത്തകരെ കബളിപ്പിച്ച് നിരവധി സ്ഥലങ്ങളിൽ കറങ്ങുകയായിരുന്നു. 23ന്‌ കടകളിൽ കയറിയിറങ്ങിയ ദ്യശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയിലെ കടകളിലും ഇയാളെത്തി. ഇതോടെ ആരോഗ്യവിഭാഗം കടകൾ അടപ്പിച്ച്‌ ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ഒരാളുടെ സാമ്പിൾ പരിശോധനക്ക്‌ അയച്ചു. 25ലധികം ആളുകളുമായി നേരിട്ടും നൂറിലധികം പേരുമായി അല്ലാതെയും ഇയാൾ ഇടപഴകിയതായി കണ്ടെത്തിയിട്ടുണ്ട്‌. 
ജൂൺ 16നാണ്‌ ഊർങ്ങാട്ടിരി ഓടക്കയം സ്വദേശി ബംഗളൂരുവിൽനിന്നെത്തിയത്‌. ജൂലൈ ഒന്നിന്‌‌ രോഗം സ്ഥിരീകരിച്ചു‌. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് പരിശോധനാ ഫലം വരുന്നതിനുമുമ്പേ പുറത്തിറങ്ങി നടക്കുകയും ഫുട്ബോൾ കളിക്കുകയുംചെയ്തു. 24 പേരുമായി ഇയാൾ പ്രാഥമിക സമ്പർക്കം പുലർത്തിയതായാണ് വിവരം. 
തൊഴിലുറപ്പ്‌ തൊഴിലാളിയായ ഇയാളുടെ അമ്മ സമ്പർക്കം പുലർത്തിയ തൊഴിലാളികളുൾപ്പെടെ 60 പേർ നിരീക്ഷണത്തിലാണ്. യുവാവിനെതിരെ ക്വാറന്റൈൻ ലംഘനത്തിന് അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. അതേസമയം, ആരോഗ്യ വകുപ്പ്‌ ഏർപ്പെടുത്തിയ ജാഗ്രതാ നിർദേശങ്ങൾക്ക്‌  സമൂഹം വില കൽപ്പിക്കുന്നില്ല.  
സമൂഹ വ്യാപന ഭീതി നിലനിൽക്കുമ്പോഴും പൊതു ഇടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ്, തിരക്കേറിയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ  കോവിഡ്‌ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാതെയാണ്‌ ജനങ്ങൾ എത്തുന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top