12 August Wednesday

‘ഭായി’മാർ നാട്ടിൽ; പണി തീരുന്നില്ല

രാഹുൽ രാജ്‌Updated: Sunday Jul 5, 2020
 
മലപ്പുറം
അതിഥി തൊഴിലാളികൾ ഭൂരിഭാഗവും നാട്ടിലേക്ക്‌ മടങ്ങിയതോടെ നിർമാണമേഖല പ്രയാസത്തിൽ. തൊഴിൽ വകുപ്പിന്റെ കണക്കു‌പ്രകാരം ജില്ലയിൽ 69,538 തൊഴിലാളികളുണ്ട്‌‌. ഇവരിൽ 46,006 പേരും പ്രത്യേക ട്രെയിനുകളിൽ നാട്ടിലേക്ക്‌ തിരിച്ചുപോയതോടെ വൻകിട പ്രവൃത്തികൾക്ക്‌ ആളെ കിട്ടാതായി. 
തൊഴിലാളികൾ കൂട്ടമായി മടങ്ങിയതോടെ അറുപത്‌ ശതമാനം നിർമാണ പ്രവർത്തനവും നിലച്ചുവെന്ന്‌ മഞ്ചേരിയിലെ നിർമാൺ കൺസ്‌ട്രക്ഷൻ ഗ്രൂപ്പ്‌ ചെയർമാൻ നിർമാൺ മുഹമ്മദലി പറഞ്ഞു. തേപ്പ്‌, കോൺക്രീറ്റ്‌, പെയിന്റിങ്‌, ടൈൽസ്‌ ജോലികളാണ്‌ അവർ ചെയ്യുന്നത്‌. ‌‘ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാൻ ഇപ്പോൾ കൂടുതൽ സമയമെടുക്കുന്നു‘–- അദ്ദേഹം പറഞ്ഞു. 
മെയ്‌ രണ്ടുമുതലാണ്‌ ജില്ലയിൽനിന്ന്‌ വിവിധ സംസ്ഥാനങ്ങളിലേക്ക്‌ പ്രത്യേക ട്രെയിനുകൾ ആരംഭിക്കുന്നത്‌. ബിഹാർ, അസം, ജാർഖണ്ഡ്‌, ഉത്തർപ്രദേശ്‌, ഒഡിഷ, പശ്ചിമബംഗാൾ, മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌, ഉത്തരാഖണ്ഡ്‌, മണിപ്പുർ, മിസ്സോറാം, പഞ്ചാബ്‌, അരുണാചൽ പ്രദേശ്‌, മേഘാലയ, ത്രിപുര, നാഗാലാന്റ്‌, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിൽനിന്നുള്ള‌ തൊഴിലാളികളാണ്‌‌ നാട്ടിലേക്ക്‌ പോയത്‌. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ 41,292 പേർ യാത്രയായി. പാലക്കാട്‌–-‌ 3365, തൃശൂർ–-‌ 270, കോഴിക്കോട്‌–-1076,  എറണാകുളം–- മൂന്ന്‌ എന്നിങ്ങനെയാണ്‌ മറ്റ്‌ സ്‌റ്റേഷനുകളിൽനിന്നുള്ള കണക്ക്‌. തിരൂർ (34), പാലക്കാട്‌ (എട്ട്‌), കോഴിക്കോട്‌ (നാല്‌), തൃശൂർ (മൂന്ന്‌) എന്നിവിടങ്ങളിൽനിന്നായി 49 ട്രെയിനുകളിലാണ്‌ തൊഴിലാളികൾ പോയത്‌. ‌ പശ്ചിമബംഗാളിലേക്കാണ്‌ കൂടുതൽ–- 17 എണ്ണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top