12 August Wednesday

നാടിന്റെ കൂട്ടിന്‌ മധുരത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
മലപ്പുറം
സഹകരണ വകുപ്പിന്റെ സംസ്ഥാന അവാർഡിൽ ജില്ലയിൽ ഇടം നേടിയത്‌ അഞ്ച്‌ സഹകരണ സ്ഥാപനങ്ങൾ. 2019ലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരമാണ്‌ വിവിധ സഹകരണ സംഘങ്ങൾക്ക്‌ ലഭിച്ചത്‌‌.
പട്ടികജാതി വർഗ വിഭാഗത്തിൽ കുഴിമണ്ണ പട്ടികജാതി സർവീസ്‌ സഹകരണ സംഘം സംസ്ഥാനതലത്തിൽ  രണ്ടാം സ്ഥാനം നേടി. വനിതാ സഹകരണ സംഘങ്ങളിൽ പത്തപ്പിരിയം വനിതാ സഹകരണ സംഘത്തിനാണ്‌ മൂന്നാം സ്ഥാനം. ആശുപത്രി വിഭാഗത്തിൽ ഇ എം എസ്‌ കോ ഓപറേറ്റീവ്‌ ഹോസ്‌പിറ്റൽ ആൻഡ്‌ റിസർച്ച്‌ സെന്റർ രണ്ടാം സ്ഥാനവും എംപ്ലോയീസ്‌ സഹകരണ വിഭാഗത്തിൽ തിരൂർ താലൂക്ക്‌ എംപ്ലോയീസ്‌‌ സഹകരണ സംഘം മൂന്നാം സ്ഥാനവും നേടി. പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ പെരിന്തൽമണ്ണ പ്രാഥമിക സഹകരണ കാർഷിക  ഗ്രാമ വികസന ബാങ്ക്‌ മൂന്നാമതെത്തി.
കുഴിമണ്ണ പട്ടികജാതി സഹകരണസംഘം
1988ൽ  സംഘം രജിസ്റ്റർചെയ്തു. കുഴിയാംപറമ്പിൽ  രണ്ടുനില കെട്ടിടത്തിലാണ്‌ സംഘം പ്രവർത്തനം. ജില്ലയിൽ ആദ്യമായി കംപ്യൂട്ടർവൽക്കരിച്ച്‌ ശീതീകരിച്ച പട്ടികജാതി സഹകരണ സംഘം.  ‘വിസ്മയ' അടിവസ്‌ത്ര നിർമാണ യൂണിറ്റാണ്‌ ശ്രദ്ധേയ പ്രവർത്തനം. നാല് ജില്ലകളിലെക്കും തിരുപ്പതിയിലേക്കും ഇവിടെനിന്ന് സാധനങ്ങൾ കയറ്റുമതി ചെയ്യുന്നു. നിർധനരായ രോഗികൾക്ക് ഡയാലിസിസിനുള്ള ധനസഹായ സമാഹരണം,  രക്തദാനംചെയ്യൽ എന്നിവ കാരുണ്യരംഗത്തെ പ്രർത്തനം. സുഭിക്ഷ കേരളം പദ്ധതിയിൽ  ഒന്നരയേക്കറിൽ പച്ചക്കറി കൃഷിയിറക്കി. 
പി ബാബു  സംഘം പ്രസിഡന്റ്‌, കെ പി ദിലീപ്‌ കുമാർ സെക്രട്ടറി. 
പെരിന്തൽമണ്ണ കാർഷിക ഗ്രാമവികസന  ബാങ്ക്‌
സംസ്ഥാനത്തെ 100 കോടിയിലധികം വായ്പാ ബാക്കിനിൽപ്പുള്ള അപൂർവം ബാങ്കുകളിലൊന്ന്‌. നിലവിൽ 120 കോടി വായ്പാ ബാക്കിനിൽപ്പും 30 കോടി നിക്ഷേപവും 6.50 കോടി ഓഹരി മൂലധനവും. എല്ലാ വർഷവും ഡെപ്പോസിറ്റ് മൊബിലൈസേഷനിലും വായ്പാ വിതരണത്തിലും  മുന്നിൽ.  പ്രളയത്തെ തുടർന്ന് സഹകരണ വകുപ്പ് പ്രഖ്യാപിച്ച കെയർ ഹോം പദ്ധതിയിൽ നാല് വീടുകൾ നിർമിച്ചു . എസ്എസ്എൽസി, പ്ലസ് ടു അവാർഡ് വിതരണം,   കർഷകർക്കുള്ള അവാർഡ്‌ വിതരണം തുടങ്ങി വിവിധ മേഖലകളിൽ  പ്രവർത്തനം. പെരിന്തൽമണ്ണ ടൗണിൽ ഹെഡ് ഓഫീസും ബ്രാഞ്ചും മേലാറ്റൂർ, മക്കരപ്പറമ്പ്, കൊളത്തൂർ ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു. 24 ജീവനക്കാരുണ്ട്. 13 അംഗ ഭരണസമിതി.  
പ്രസിഡന്റ് എം എം മുസ്തഫ. എം പി അലവി വൈസ്‌ പ്രസിഡന്റ്‌.
പത്തപ്പിരിയം വനിതാ സഹകരണസംഘം
എടവണ്ണ പഞ്ചായത്തിൽ  രണ്ടായിരത്തിൽ ഒരുകൂട്ടം സ്ത്രീകൾ ചേർന്ന് രൂപീകരിച്ചു.  ലാഭവിഹിതത്തിൽ നല്ലൊരു ശതമാനം ചെലവിടുന്നത്‌  ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക്‌.  2005ൽ അഞ്ചിനും പതിനാലിനുമിടയിൽ പ്രായമുള്ള വൈകല്യമുള്ള കുട്ടികൾക്ക്‌ ജില്ലാ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു. വിധവകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം, ക്യാൻസർ രോഗികൾക്ക്‌ ചികിത്സാ സഹായം, കുടിവെള്ള പദ്ധതിക്കാവശ്യമായ ധനസഹായം, നിത്യരോഗികൾക്കുള്ള സഹായം, പാവപ്പെട്ട സ്ത്രീകൾക്ക് ആട് വിതരണം തുടങ്ങിയവ നടത്തുന്നു.  പഞ്ചായത്തിലെ പാവപ്പെട്ട രണ്ട് വിദ്യാർഥികളെ സംഘം ദത്തെടുത്തു. ഇവർക്ക്‌‌ പ്ലസ്ടുവരെയുള്ള പഠനത്തിനടക്കമുള്ള എല്ലാ ചെലവുകളും  അഞ്ച്  വർഷമായി  വഹിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയിൽ  കരനെൽകൃഷിയും ചെയ്യുന്നു. പന്നിപ്പാറയിൽ ബ്രാഞ്ചുണ്ട്‌.  
തിരൂർ താലൂക്ക് എംപ്ലോയീസ്‌ സഹ. ‌‌ സംഘം
1981ൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാരിൽ  4000 ഓഹരി അംഗങ്ങളുള്ള സ്ഥാപനം.   ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് സൊസൈറ്റി.  1.8 കോടി രൂപ  ഓഹരി മൂലധനവും  70 കോടി രൂപ നിക്ഷേപവും 50 കോടി വായ്പയുമുണ്ട്.  കുറ്റിപ്പുറത്തും താനൂരിലുമാണ്‌ ബ്രാഞ്ച്‌. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ സ്വർണ പണയ വായ്പയടക്കം നൽകുന്നു. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തൂരിൽ രണ്ട് വീടുകൾ നിർമിച്ചു. ഓൺലൈൻ പഠനത്തിന്‌   അഞ്ച്‌  അങ്കണവാടികൾക്ക്‌ ടെലിവിഷൻ കൈമാറി.  
പി ഹൃഷികേശ് കുമാർ പ്രസിഡന്റ്‌, പി കൃഷ്ണകുമാർ സെക്രട്ടറി.
ഇ എം എസ്  സ്‌മാരക സഹകരണ ആശുപത്രി 
കോവിഡ് പശ്ചാത്തലത്തിൽ ‘ചികിത്സ മാറ്റിവയ്‌ക്കേണ്ട പണമടയ്‌ക്കാൻ സാവകാശമുണ്ട്' രോഗി–സൗഹൃദ ചികിത്സാപദ്ധതി  നടപ്പാക്കിയതിന്റെയടക്കം അംഗീകാരമായി ഇഎംഎസ്‌ സ്‌മാരക സഹകരണ ആശുപത്രിക്ക്‌ പുരസ്‌കാരം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലും ആശുപത്രി പങ്കാളിയായിരുന്നു.  
എൻഎബിഎച്ച്  അക്രഡിറ്റേഷനും  ഇ എം എസ് ആശുപത്രിക്ക്‌ ലഭിച്ചു.  നൂറുകോടി രൂപയിലധികമാണ്‌ ഓഹരി മൂലധനം. അട്ടപ്പാടി സഹകരണ ആരോഗ്യ പദ്ധതിയും ആശുപത്രിയിൽ നടപ്പാക്കി വരുന്നു.  
ആശുപത്രിയോടനുബന്ധിച്ചുള്ള ചാരിറ്റബിൾ ട്രസ്റ്റിനുകീഴിൽ സൗജന്യ നിരക്കിൽ ഡയാലിസിസ്‌ ചെയ്യുന്നു. നൂറോളം ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തി. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ സൗജന്യ മാനസികാരോഗ്യ മെഡിക്കൽ ക്യാമ്പ്,   മരുന്ന് വിതരണം എന്നിവയും കിടപ്പിലായ രോഗികൾക്ക് വീട്ടിലെത്തി  ഫിസിയോതെറാപ്പി ക്യാമ്പും നടത്തുന്നു. 
ഡോ. എ മുഹമ്മദ് ചെയർമാൻ, ഡോ. വി യു സീതി വൈസ് ചെയർമാൻ. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top