22 August Thursday
നാടുകാണി ചുരത്തിലെ നിയന്ത്രണം പിൻവലിച്ചു

വാനരൻമാർക്ക‌് ഇനി സമൃദ്ധിയുടെ കാലം

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019
എടക്കര
നാടുകാണി ചുരം മലവാരത്തിലെ വാനരപ്പടയുടെ പട്ടിണിക്ക‌് അറുതിയാവുന്നു. സഞ്ചാരികൾ പാലിക്കേണ്ട കർശന നിർദേശങ്ങൾ വനം വകുപ്പ് പിൻവലിച്ചതോടെയാണ് വാനരൻമാർക്ക‌് നല്ലകാലം തിരിച്ചുവന്നത‌്. സഞ്ചാരികൾ നൽകുന്ന ഭക്ഷണം ആസ്വദിച്ച് കഴിച്ചശേഷം ആളുകളുടെ അരിക്കിലേക്ക‌് വാനരൻമാർ വരുന്നത‌് വേറിട്ട കാഴ്ചയാണ്. നാടുകാണി പരപ്പനങ്ങാടി പാതയുടെ നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചുരം പാതയിൽ 12ഓളം വ്യൂ പോയിന്റുകളാണ് സ്ഥാപിച്ചത്. ഇവിടങ്ങൾ സഞ്ചാരികളുടെ വിശ്രമകേന്ദ്രമായതോടെ വാനരൻമാർ കൂട്ടമായി എത്തിത്തുടങ്ങി. 
രണ്ടുവർഷംമുമ്പ് ചുരം നവീകരണ പ്രവൃത്തി അരംഭിച്ചപ്പോഴാണ‌് വാനരപ്പടയുടെ കഷ്ടകാലം തുടങ്ങിയത‌്. വഴിക്കടവ് ആനമറിമുതൽ  നാടുകാണി ചെക്ക് പോസ്റ്റ് വരെ യാത്രാ വാഹനങ്ങൾ നിർത്തുന്നത് അധികൃതർ വിലക്കിയിരുന്നു. ഇതോടെ സഞ്ചാരികൾ കൊണ്ടുവരുന്ന ഭക്ഷണം വാനരപ്പടക്ക് ലഭിക്കാതായി. കഴിഞ്ഞ വർഷത്തെ ഇടമുറിയാത്ത മഴയിൽ ഫലവൃക്ഷങ്ങളിലെ പൂക്കൾ വ്യാപകമായി  കൊഴിഞ്ഞുപോയി. ഇതോടെ  മരങ്ങളിൽ കായ്കനികൾ  ഇല്ലാതായി. സഞ്ചാരികളുടെ ഭക്ഷണവും  കാട്ടിലെ കായ്കനികളും ലഭിക്കാതായതോടെ  ഇവ എല്ലും തോലുമായി മാറി. കടുത്ത വേനലിൽ  കാട്ടുചോലകളിലെ നീരുറവ നിലച്ചതോടെ കുടിവെള്ളവും കിട്ടാതായി. കാലവർഷക്കാലത്ത‌് വാനരൻമാരുടെ അതിജീവനത്തിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നതായി വഴിക്കടവ് വനം റേഞ്ച് ഓഫീസർ മുഹമ്മദ് നിഷാൽ പറഞ്ഞു. എന്നാൽ നാടുകാണി ചുരം പാതയുടെ നവീകരണ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാനായതും സഞ്ചാരികളുടെ നിയന്ത്രണം പാടെ പിൻവലിച്ചതും വാനരൻമാർക്ക‌് രക്ഷയായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top