മലപ്പുറം
‘വെയിൽ തിളയ്ക്കുന്ന നേരം. കോട്ടപ്പടിയിലെ മതിലിൽ വരയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ ഒരാൾ വലിയ പാത്രംനിറയെ അവിൽമിൽക്ക് കൊണ്ടുവന്നു. അതാരെന്ന് അറിയില്ല. ആ തണുത്ത അവിൽമിൽക്കിൽ നാടിന്റെ സ്നേഹം മുഴുവനുമുണ്ടായിരുന്നു’–- തോലിൽ സുരേഷ് മലപ്പുറത്തിന്റെ സ്നേഹത്തെപ്പറ്റി വാചാലനായി. ഒത്തുചേർന്നവർക്കെല്ലാം ഇതുപോലെ നിറയെയുണ്ടായിരുന്നു പറയാൻ.
ഹൃദയത്തിൽ പതിഞ്ഞ മുഹൂർത്തങ്ങൾ വാക്കുകളായി പടർന്നപ്പോൾ ഗംഭീര ചിത്രമായി. മലപ്പുറം മഹോത്സവത്തോടനുബന്ധിച്ച് ലളിതകലാ അക്കാദമിയുമായി ചേർന്ന് ദേശാഭിമാനി സംഘടിപ്പിച്ച ‘സ്ട്രീറ്റ് ആർട് ക്യാമ്പ്’ നൽകിയ അനുഭവങ്ങൾ ചിത്രകാരൻമാർ കോറിയിട്ടപ്പോൾ തുറന്നത് കൂട്ടായ്മയുടെ പുതുലോകം.
‘മലപ്പുറത്തിന്റെ രുചിഭേദങ്ങളും കരുതലും ഈ നാളുകളിൽ അറിഞ്ഞു. വരയ്ക്കിടയിൽ ഭക്ഷണംകഴിക്കാനും മറ്റും പോകുമ്പോൾ ഇങ്ങള് പൊയ്ക്കോളീ, ഞങ്ങള് നോക്കിക്കോളാം എന്ന് പറഞ്ഞ ഓട്ടോ ഡ്രൈവർമാർ, നടന്നുപോകുന്നതിനിടെ ചിത്രത്തെപ്പറ്റി ചോദിച്ചറിഞ്ഞവർ... അങ്ങനെ എത്രയോ നിമിഷങ്ങൾ–-തൃശൂരിൽനിന്നുള്ള പി ജി ദിനേശിന് പറയുവാനേറെ.
തൃശൂർ ഫൈൻ ആർട്സ് കോളേജ് വിദ്യാർഥിനി ഗ്രീഷ്മ പങ്കുവച്ചത് കരുതലും അന്വേഷണങ്ങളുമായി അടുത്തുവന്നവരെക്കുറിച്ചാണ്. കാളികാവുകാരനായ മുഖ്ദാർ ഉദിരംപൊയിലിന് തന്റെ നാടിന്റെ തനിമ വരയ്ക്കാൻ കഴിഞ്ഞതിന്റെ ആത്മഹർഷം. കോട്ടപ്പടിയിലെ മതിലിൽ വരയ്ക്കവേ എപ്പോഴും അടുത്തുവന്നുനിന്ന വിദ്യാർഥികളെപ്പറ്റിയാണ് അ ശോകൻ ആദിപുരേടത്ത് പറഞ്ഞത്. ഒപ്പം ഫോട്ടോയെടുത്തും ചിത്രങ്ങളെപ്പറ്റി ചോദിച്ചും പാതയോരം സജീവമാക്കിയവർ മനസ്സിൽ മായാതെയുണ്ട്–- അദ്ദേഹം പറഞ്ഞു. സ്ട്രീറ്റ് ആർട് ക്യാമ്പ് സൗഹൃദത്തിന്റെ ഉത്സവമായെന്ന് കെ എം നാരായണൻ. ഇത്തരം വ്യത്യസ്തത ചിത്രകല കൂടുതൽ ജനങ്ങളിലെത്താൻ പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.
വേറിട്ട ഉദ്യമത്തിന്റെ ഭാഗമായതിൽ നിറഞ്ഞ സന്തോഷമുണ്ടെന്നായിരുന്നു കോ–-ഓർഡിനേറ്റർ ഷമീം സീഗലിന്റെ പ്രതികരണം. ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് ലളിതകലാ അക്കാദമി സെക്രട്ടറി എൽ ബാലമുരളീകൃഷ്ണൻ പറഞ്ഞു. പുതുമകളാണ് കലയെ ജനകീയമാക്കുന്നത്. ഇതിന് അവസരമൊരുക്കിയ ദേശാഭിമാനിക്ക് നന്ദി–-അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം മഹോത്സവം സംഘാടക സമിതി ഓഫീസിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി ചെയർമാനും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ ഇ എൻ മോഹൻദാസ്, ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ ആർ പ്രസാദ്, അക്കാദമി എക്സിക്യൂട്ടീവ് അംഗം സുനിൽ അശോകപുരം, ആർടിസ്റ്റ് ഡി ദയാനന്ദൻ എന്നിവരും സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..