മലപ്പുറം
ചരിത്രത്തിന്റെ ഏടുകൾ പൊടിതട്ടിയെടുക്കുകയാണ് മലപ്പുറം മഹോത്സവം. തെരുവോരത്തെ ചുവരുകളിൽ ആ ചരിത്രം ചിത്രമായി വിടർന്നു. കെഎസ്ആർടിസി ഡിപ്പോയുടെ മതിലിൽ കടപ്പുറത്തെ ജീവിതം നിറയുന്ന അതിമനോഹര ചിത്രമുണ്ട്.
പാണക്കാട് എടയിപ്പാലം സ്വദേശി സി ഗ്രീഷ്മയാണ് ഇത് വരച്ചത്. കരയേഴും താണ്ടിയ പൊന്നാനിപ്പെരുമ ചിത്രത്തിലിഴചേരുന്നു. സായംസന്ധ്യയിൽ തിരമാലകളെ വകഞ്ഞുമാറ്റി കടലിലിറങ്ങുന്ന ബോട്ട്, കോളുതേടി വീശിയെറിയുന്ന വല, മീൻകുട്ടയും ചുമന്നെത്തുന്നവർ, മണൽപ്പരപ്പ്.. കടലോരവും മത്സ്യബന്ധനവും പ്രമേയമാക്കിയ ചിത്രം അതിമനോഹരം.
പരപ്പനങ്ങാടി കടപ്പുറത്തിന്റെ ചാരുതയും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃശൂർ ഫൈ ൻ ആർട്സ് കോളേജിൽ മൂന്നാം വർഷ ബിഎഫ്എ വിദ്യാർഥിയാണ് ഗ്രീഷ്മ. ‘മലപ്പുറം സ്വദേശിയെന്നു പറയുമ്പോൾ ആദ്യം ചോദിക്കാറ് പൊന്നാനിയിലാണോ എന്നാണ്. അതുകൊണ്ടുതന്നെ ജില്ലയുടെ ചരിത്രം പകർത്താൻ അവസരം ലഭിച്ചപ്പോൾ ആദ്യം മനസിലേക്ക് ഓടിവന്നത് പൊന്നാനിയാണ്. കടലുപോലെ എത്ര വരച്ചാലും തീരാത്ത കാഴ്ചകളും ചരിത്രവുമുണ്ടവിടെ’–- ഗ്രീഷ്മ പറഞ്ഞു.
ദേശാഭിമാനി 80–-ാം വാർഷികത്തിൽ മലപ്പുറം മഹോത്സവത്തിന്റെ ഭാഗമായി ലളിതകലാ അക്കാദമി സഹകരണത്തോടെയാണ് സ്ട്രീറ്റ് ആർട് ക്യാമ്പ് സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..