22 October Tuesday

ചേലേമ്പ്രയിൽ ‘ജലനിധി’ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019
ചേലേമ്പ്ര
ചേലേമ്പ്രക്കാരുടെ ചിരകാലാഭിലാഷമായ ജലനിധി പദ്ധതിക്ക്‌ ഉത്സവാന്തരീക്ഷത്തിൽ തുടക്കം. വ്യവസായമന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു.  
  യുഡിഎഫും ബിജെപിയും ചടങ്ങ്‌ ബഹിഷ്‌കരിച്ചു. അധ്യക്ഷനാകേണ്ട വള്ളിക്കുന്ന് മണ്ഡലം എംഎൽഎ പി അബ്ദുൾഹമീദും പങ്കെടുത്തില്ല. പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് -–-ബിജെപി  അംഗങ്ങളും വിട്ടുനിന്നു. എന്നാൽ അതൊന്നും ചടങ്ങിനെ ബാധിച്ചില്ല. തിങ്ങിനിറഞ്ഞ സദസ്സായിരുന്നു. 3008 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 19 വാർഡുകൾ ഉൾപ്പെടും. 9,27,50,000 രൂപയാണ് അടങ്കൽ. ചെലവിന്റെ 75 ശതമാനം സർക്കാരും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളുമാണ് വഹിച്ചത്. ചാലിയാർ പുഴയിൽ കവണക്കല്ലിൽനിന്നാണ്‌ വെള്ളം. ഇത് കിൻഫ്ര ശുദ്ധീകരിച്ച്‌ കാക്കഞ്ചേരിയിലെ സംഭരണിയിൽനിന്ന്‌ ബൾക്ക് മീറ്റർ മുഖേന നൽകും. 
  കിലോലിറ്ററിന് ഏഴുരൂപ നിരക്കിൽ പ്രതിദിനം ഒരു എംഎൽഡി ശുദ്ധമായ കുടിവെള്ളം നൽകാൻ പഞ്ചായത്ത് കിൻഫ്രയുമായി കരാർ ഒപ്പുവച്ചിട്ടുണ്ട്. വിതരണത്തിനായി 162 കിലോമീറ്റർ വരുന്ന 300 എംഎം മുതൽ 32 എംഎം വരെയുള്ള ശൃംഖലയും സ്ഥാപിച്ചു. 
 പഞ്ചായത്ത് പ്രസിഡന്റ്‌ സി രാജേഷ് അധ്യക്ഷനായി. സി മുരളീധരൻ, സി ആനന്ദൻ, ഡോ. കെ എം അനിൽ, മുഹമ്മദ്‌, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജമീല മുഹമ്മദ്‌, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ സി അബ്ദുൾ അസീസ്, കെ എൻ ഉദയകുമാരി, സി ശിവദാസൻ, കെ അപ്പുട്ടി, മുൻ പഞ്ചായത്തു പ്രസിഡ​ന്റുമാരായ കെ കെ സുഹറ, കെ കെ ഗംഗാധരൻ നായർ, സിഡിഎസ് പ്രസിഡന്റ്‌ പി വി മിനി, എസ്എൽഇസി പ്രസിഡന്റ്‌ എ ബാലകൃഷ്ണൻ, സെക്രട്ടറി കെ പി രഘുനാഥ്, സിപിഐ എം ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ്, ഏരിയാ കമ്മിറ്റിയംഗം എൻ രാജൻ, കെ സുരേഷ്കുമാർ, അണ്ടിശ്ശേരി മാധവൻ എന്നിവർ സംസാരിച്ചു. ജലനിധി റീജണൽ പ്രോജക്ട് ഡയറക്ടർ ടി പി ഹൈദരലി റിപ്പോർട്ടവതരിപ്പിച്ചു. 
പഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് സ്വാഗതവും പഞ്ചായത്തംഗം പി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top