19 August Monday

മാൽകോ ടെക്‌സിനെതിരായ വാർത്ത വാസ്തവവിരുദ്ധം: എംഡി

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019
തിരുവനന്തപുരം
കുറ്റിപ്പുറത്തെ മാൽകോടെക്‌സ് കമ്പനി ജീവനക്കാരൻ സഹീർ കാലടി സർക്കാരിനെതിരെയും മാറിമാറിവരുന്ന എംഡിമാർക്കെതിരെയും പ്രചരിപ്പിക്കുന്ന വാർത്തകൾ  വാസ്തവവിരുദ്ധമാണെന്ന്  എംഡി സി ആർ രമേഷ്.സഹീർ കാലടി നിരന്തരം ക്രമക്കേട‌് നടത്തുന്നതിനെതിരെ നടപടി എടുക്കുന്നതിനാലാണ് വ്യാജപ്രചാരണം. സഹീർ രാജിവച്ചുവെന്ന തരത്തിൽ ചൊവ്വാഴ്ച ചില മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റാണ്. എംഡിക്കോ കമ്പനി ഓഫീസിലോ രാജി സംബന്ധിച്ച കത്തോ മറ്റ് വിവരങ്ങളോ നൽകിയിട്ടില്ല.
സ്ഥാപനത്തിലെ അക്കൗണ്ട് കണക്കാക്കുന്നതിൽ സഹീർ വലിയ പിഴവ് വരുത്തിയിരുന്നു. മലപ്പുറം കോ -ഓപറേറ്റീവ് സ്പിന്നിങ് മില്ലിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന്  അയച്ചപ്പോൾ ആ സ്ഥാപനത്തിലെ ഡെപ്യൂട്ടി ഫിനാൻസ് ഓഫീസറായി പൂർണചുമതല ഏറ്റെടുത്തതായി മാൽകോടെക്‌സ് എംഡിക്ക് കത്തുനൽകി. ഈ അനധികൃത നിയമനം എംഡി അനുവദിച്ചില്ല. കമ്പനി നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ച സഹീറിനെതിരെ നോട്ടീസ് നൽകുകയുംചെയ്തു. ഇതിനെതിരെ സഹീർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഹർജി തള്ളി. തുടർന്നുള്ള അന്വേഷണ നടപടികൾ അദ്ദേഹം ബഹിഷ്കരിച്ചു. കമ്പനിയിലെ വേസ‌്റ്റ‌് വിറ്റതുമായി ബന്ധപ്പെട്ടും നൂൽവിൽപ്പനയിലും ക്രമക്കേടുകൾ കണ്ടെത്തിയപ്പോൾ സഹീറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നിരുത്തരവാദപരമായ മറുപടിയാണ് നൽകിയത്. കാരണം കാണിക്കൽ നോട്ടീസിനെതിരെ സഹീർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. അപ്പീൽ നൽകിയപ്പോൾ അതും തള്ളി. തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി മാൽകോടെക്ക് മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി. ആർബിട്രേഷൻ കോടതിയെ സമീപിക്കാനും നിർദേശിച്ചു. ഇതെല്ലാം മറച്ചുവയ്ക്കാനും സ്ഥാപനത്തെയും വ്യവസായ വകുപ്പിനെയും മോശക്കാരായി ചിത്രീകരിക്കാനുമാണ് വൈരാഗ്യബുദ്ധിയോടെ രാജി വാർത്തയുമായി രംഗത്തുവന്നിരിക്കുന്നതെന്നും സി ആർ രമേഷ‌് പ്രസ‌്താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top