തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ ജീവനക്കാരൻ അജീഷിന്റെ ‘കുത്തിവര’ ബജറ്റിന്റെ മുഖചിത്രം. എൽഡിഎഫ് സർക്കാരിന്റെ ചിറകേറി കേരളം കൈവരിച്ച നേട്ടങ്ങളാണ് ചിത്രത്തിൽ. മലപ്പുറം ഐക്കരപ്പടി സ്വദേശിയാണ് അജീഷ് പുരുഷോത്തമൻ. കുത്തിവര എന്ന പേരിലാണ് ചിത്രങ്ങളൊരുക്കുന്നത്. ബജറ്റ് ഇൻ ബ്രീഫ് 2023–--24 കവർപേജ് രൂപകൽപ്പനചെയ്യാനുള്ള അവസരമാണ് അജീഷിന് ലഭിച്ചത്.
2014ൽ സമ്മാനമായി ലഭിച്ച സോണി മൊബൈലിൽ സ്‌കെച്ച് ആപ്ലിക്കേഷനിലൂടെയാണ് ഓൺലൈൻ വരയ്‌ക്ക് തുടക്കമിട്ടത്. സോണി കമ്പനി "ഇന്ത്യയിൽനിന്നൊരു പുതുതലമുറ ചിത്രകല രൂപമെടുക്കുന്നു’ തലക്കെട്ടിൽ ഇതേക്കുറിച്ച് ബ്ലോഗെഴുതി. ഒരു പ്രദർശനത്തിന് മുഖ്യസംഘാടകരായ സോണി ഫോൺ സമ്മാനിക്കുകയുംചെയ്‌തു.
കലിക്കറ്റ് സർവകലാശാല ഡി ലിറ്റ് നൽകി ആദരിച്ച ഷാർജാ സുൽത്താൻ, ഗായിക എസ് ജാനകി, എം എ യൂസഫലി, ബെന്യാമിൻ എന്നിവർക്ക് ഫോണിൽ വരച്ച ഛായാചിത്രങ്ങൾ സമ്മാനിച്ചു. തൃശൂർ, കോഴിക്കോട് ലളിതകലാ ഗ്യാലറികളിലടക്കം പ്രദർശനം നടത്തി. സർവകലാശാല പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു.
ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കലിക്കറ്റ് സർവകലാശാലാ ഇക്കണോമിക്‌സ് പഠനവിഭാഗം തലവനുമായിരുന്ന ഡോ. ഡി ഷൈജനാണ് മുഖചിത്രം വരയ്ക്കാൻ അവസരമൊരുക്കിയത്. അധ്യാപക ദമ്പതിമാരായ സി എൻ പുരുഷോത്തമന്റെയും കെ വി കനകമ്മയുടെയും മകനാണ്. കലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ അസി. പ്രൊഫസർ ഡോ. ഷിജിയാണ് ഭാര്യ. മകൾ രുദ്ര.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..