മലപ്പുറം
അനാചാരങ്ങളും ആഭിചാരങ്ങളും വ്യാപകമാകാതിരിക്കാൻ തെരുവോരങ്ങളിൽ യുവത ജനകീയ പ്രതിരോധം തീർക്കും. വർധിച്ചുവരുന്ന അനാചാരങ്ങളെ തുറന്നുകാണിച്ച് മനുഷ്യ മനസുകളിൽ മാനവിക ഐക്യത്തിന്റെ ഇതൾവിരിച്ച് ഡിവൈഎഫ്ഐ ‘സ്വയം ഭൂ...’ തെരുവ് നാടകം ശനിയാഴ്ച അരങ്ങിലെത്തും. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ മലപ്പുറം ബ്ലോക്ക് കമ്മിറ്റിയാണ് നാടകയാത്ര നടത്തുന്നത്.
സാമൂഹ്യ പുരോഗതിയെയും സാംസ്കാരിക മുന്നേറ്റത്തെയും പിന്നോട്ടടിപ്പിക്കുന്ന കറുത്ത ശക്തികൾക്കെതിരെ പ്രതിരോധമാണ് അരമണിക്കൂർ ദൈർഘ്യമുള്ള നാടകം. അജിറ്റ് പ്രോപ്പ് തിയറ്റേഴ്സ് ഒരുക്കുന്ന നാടകത്തിൽ കെ രമേശ്, പി രൺധീർ, റഹീം അധികാരിത്തൊടി, പി പ്രിയങ്ക, അഡ്വ. കെ സാന്ദ്ര, എം ഐശ്വര്യ, കെ മനേഷ്, പി സഞ്ജു, കെ ഷണ്മുഖൻ, കെ പി ശ്രീജിത്ത് എന്നിവർ കഥാപാത്രങ്ങളാകും.
പി രൺധീർ ക്യാപ്റ്റനായ നാടകയാത്രയുടെ ഡയറക്ടർ സി കെ വിബീഷും മാനേജർ സി എം സിബ്‌ലയുമാണ്. ശനിയാഴ്ച പകൽ രണ്ടിന് താലൂക്കാശുപത്രി പരിസരത്തുനിന്നാരംഭിക്കും. മൂന്നിന് മുണ്ടുപറമ്പ്, നാലിന് ആലത്തൂർപടി, അഞ്ചിന് ആനക്കയം- കരുവാഞ്ചേരിപറമ്പ്, ആറിന് പന്തല്ലൂർ ടൗൺ. ഞായർ രാവിലെ ഒമ്പതിന് ഊരകം നാട്ടുകല്ല്, 10.30 മറ്റത്തൂർ- മുനമ്പത്ത്, 11.30ന് ഒതുക്കുങ്ങൾ ടൗൺ, മൂന്നിന് പൊൻമള - പറങ്കിമൂച്ചിക്കൽ, നാലിന് ചേങ്ങോട്ടൂർ കോട്ടപ്പുറം എന്നിവിടങ്ങളിൽ നാടകയാത്രയെത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..