22 September Sunday

നിളയൊഴുകണം, തെളിനീരായി

പി വിജയൻUpdated: Saturday Aug 3, 2019
 
മലപ്പുറം
ഭാരതപ്പുഴ (നിളാ നദി) സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന്‌ തുടക്കമായി.  തെളിനീരൊഴുകുന്ന ഭാരതപ്പുഴ എന്ന ലക്ഷ്യം മുൻനിർത്തി കോഴിക്കോട്ടെ ജലവിഭവ വിനിയോഗ കേന്ദ്ര (സിഡബ്ല്യുആർഡിഎം)മാണ്‌   വിശദമായ രൂപരേഖ തയാറാക്കുന്നത്‌.  ഭാരതപ്പുഴ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ അക്കമിട്ടുനിരത്തുന്ന രൂപരേഖയിലെ പ്രധാന നിർദേശങ്ങൾ കഴിഞ്ഞദിവസം പൊന്നാനിയിൽ നടന്ന ചടങ്ങിൽ സിഡബ്ല്യുആർഡിഎം പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. വി പി ദിനേശൻ  അവതരിപ്പിച്ചു.  നിരവധി നിർദേശങ്ങളടങ്ങിയ രൂപരേഖ താമസിയാതെ സർക്കാരിന്‌ സമർപ്പിക്കും. 
    സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ്‌ നിള. 209 കിലോമീറ്റർ നീളം. മൂന്ന് ജില്ലകളിലൂടെ ഒഴുകുന്നു. നാല്‌ പോഷകനദികളുമുണ്ട്‌. ഭാരതപ്പുഴയെ  ഓരോ ഭാഗമായി തിരിച്ചാവണം കർമപദ്ധതി ആവിഷ്‌കരിക്കാനെന്ന്‌ ഡോ. വി പി ദിനേശൻ ‘ദേശാഭിമാനി’ യോട്‌ പറഞ്ഞു.  
ഭാരതപ്പുഴയുടെ ഇന്നത്തെ അവസ്ഥ പ്രാഥമികമായി പഠിച്ച്‌ സിഡബ്ല്യുആർഡിഎം എത്തിയ പ്രധാന നിഗമനങ്ങളിൽ ചിലത്‌.
വേണം നദീസംരക്ഷണ സേന
ഭാരതപ്പുഴയിലെ വെള്ളത്തിന്റെ ഗുണനിലവാരം മോശമാണ്‌. മാലിന്യങ്ങൾ പുഴയിൽ തള്ളുന്നതാണ്‌ കാരണം. ഇതിനറുതി വരുത്താൻ ഓരോ പഞ്ചായത്തിലും നദീസംരക്ഷണ സേന രൂപീകരിക്കണം. പുഴസംരക്ഷണത്തിനായുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണം.   ഉപ്പുവെള്ളം കയറാതിരിക്കാൻ നിർമിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ  അപാകംമൂലം ഉപ്പുവെള്ളം കയറുന്നു. ഇത്‌ തടയണം.  ഓരങ്ങൾ ഇടിയുന്നതിനാൽ പുഴ ശോഷിക്കുന്നു. പുഴയോരങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിക്കണം. പുഴയ്‌ക്കുസമീപമുള്ള വന നശീകരണത്തിന്‌ അറുതി വരുത്തണം. പാലക്കാട്‌ ജില്ലയിലാണ്‌ ഭാരതപ്പുഴയുടെ 85 ശതമാനം വൃഷ്ടിപ്രദേശവുമുള്ളത്‌.   ഇവിടങ്ങളിലെ കുളങ്ങളും കിണറുകളും സംരക്ഷിക്കണം. പുഴയിലെ ഓരോ നീർത്തടവും മൈക്രോ വാട്ടർ ഷെഡ്ഡായി പരിഗണിച്ച്‌ പ്രത്യേകമായി പരിപാലിക്കണം. ഘട്ടംഘട്ടമായി വേണം പുഴസംരക്ഷണ പദ്ധതികൾ നടപ്പാക്കാൻ.
റിവർ അതോറിറ്റി
  നദികൾക്കായി അതോറിറ്റി (റിവർ അതോറിറ്റി) രൂപീകരിക്കുകയാണ്‌ ആദ്യം വേണ്ടത്‌. വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിച്ചാലേ  ഭാവിയിലേക്കുള്ള കരുതലായി നദികൾ സംരക്ഷിക്കപ്പെടൂ.   സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ളതാണ്‌ റിവർ അതോറിറ്റി.  എത്രയുംവേഗം അതോറിറ്റി രൂപീകരിച്ച്‌ കർമപദ്ധതി തയാറാക്കണം.
 
പ്രധാന വാർത്തകൾ
 Top