05 October Saturday
കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ്‌ വിമാനം നാളെ പുലർച്ചെ 4.25ന്‌

കരിപ്പൂർ വനിതാ മന്ദിരം 
സമർപ്പണം ഇന്ന്‌

സ്വന്തം ലേഖകൻUpdated: Saturday Jun 3, 2023
 
 
കരിപ്പൂർ
ഹജ്ജിനു പോകുന്ന വനിതകൾക്ക്‌ വിശ്രമിക്കാൻ സംസ്ഥാന സർക്കാർ നിർമിച്ച മന്ദിരം ശനിയാഴ്‌ച സമർപ്പിക്കും. 10 കോടി രൂപ ചെലവിൽ മനോഹരമായ കെട്ടിടമാണ് കരിപ്പൂരിൽ ഒരുങ്ങിയത്‌. 
മൂന്നു നിലയുള്ള കെട്ടിടത്തിൽ പ്രാർഥനയ്‌ക്കും താമസത്തിനും സൗകര്യമുണ്ട്. ഇതുവരെ സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഒരു കെട്ടിടമായിരുന്നു. 2019ലെ ഹജ്ജ്‌ ക്യാമ്പ്‌ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ വനിതകൾക്ക്‌ മാത്രമായുള്ള കെട്ടിടത്തിന്‌ ശിലയിട്ടത്‌. വൈകിട്ട്‌ നാലിന്‌ മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്‌ഘാടനംചെയ്യും. കരിപ്പൂരിലെ ഹജ്ജ്‌ ക്യാമ്പിന്റെ ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കും. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉപഹാര സമർപ്പണം നടത്തും. ടി വി ഇബ്രാഹിം എംഎൽഎ അധ്യക്ഷനാകും. 
ഇത്തവണ 6831 സ്ത്രീകൾ ഉൾപ്പെടെ 11,121 പേര്‍ക്കാണ് തീര്‍ഥാടനത്തിന് അവസരം. കരിപ്പൂർ വഴിയാണ് കൂടുതൽ പേരുടെ യാത്ര. കരിപ്പൂരിൽനിന്ന്‌ 2628 പുരുഷന്മാരും 4306 സ്ത്രീകളും ഉൾപ്പെടെ 6934 പേരും കണ്ണൂരിൽനിന്ന്‌ 759 പുരുഷന്മാരും 1184 സ്ത്രീകളുമടക്കം 1943 പേരും കൊച്ചിയിൽനിന്ന്‌ 903 പുരുഷന്മാരും 1341 സ്ത്രീകളുമടക്കം 2244 പേരുമാണ്‌ യാത്രയാവുന്നത്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന്‌ എയർ ഇന്ത്യ എക്സ്പ്രസും നെടുമ്പാശേരിയിൽനിന്ന്‌ സൗദി എയർലൈൻസുമാണ്‌ തീർഥാടകരെ കൊണ്ടുപോവുക.  
കരിപ്പൂരിൽനിന്ന്‌ 44 സർവീസുകളാണുള്ളത്‌. ഞായറാഴ്ച രണ്ട് വിമാനം പുറപ്പെടും. പുലർച്ചെ 4.25ന് ഐഎക്സ് 3031 നമ്പർ വിമാനവും രാവിലെ 8.30ന് ഐഎക്സ് 3021 നമ്പർ വിമാനവും. ഓരോന്നിലും 145 പേരുണ്ടാകും. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും. രണ്ടാമത്തേതിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമാണ്‌ പോവുക.     
നെടുമ്പാശേരിയിൽ ചൊവ്വാഴ്‌ച ഹജ്ജ്‌ ക്യാമ്പ്‌ ആരംഭിക്കും. ബുധനാഴ്‌ച പകൽ 11.30ന്‌ ആണ്‌ ആദ്യ വിമാനം. 413 പേർക്ക്‌ ഒരു വിമാനത്തിൽ യാത്രചെയ്യാം. ആറു സർവീസുകളാണ്‌ ഇവിടെനിന്ന്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top