02 June Tuesday

ക്രിയാത്മക കാലമെന്ന് പോരൂർ ‘ലോക‌്ഡൗണിൽ’ തായമ്പകയുടെ പുത്തനടവുകൾ

ദിനേശ്‌ വർമUpdated: Friday Apr 3, 2020

പോര‌ൂർ ഉണ്ണികൃഷ്ണനും സഹോദരൻ ശങ്കരനാരായണനും വീട്ടിൽ പരിശീലനത്തിൽ

 

 
തൃശൂർ
തായമ്പകയുടെ എണ്ണങ്ങൾ പൊടിപാറിക്കാറുള്ള മധ്യകേരളത്തിലെ വേനൽക്കണ്ടങ്ങളും പൂരപ്പറമ്പുകളും നിശ്ശബ്ദം. പക്ഷേ, അവിടങ്ങളിലൊക്കെ തകർത്ത‌് കൊട്ടാറുള്ള പോരൂർ ഉണ്ണികൃഷ്ണന്റെ  വീട്ടിൽ തായമ്പകയുടെ എണ്ണങ്ങൾ പെരുകുന്നുണ്ട‌്. പുതിയ പരീക്ഷണങ്ങളായി, എണ്ണങ്ങളായി. പരിപാടികൾ നിറയുന്ന സീസണാണ‌് ലോക‌്ഡൗണിൽ ഇല്ലാതായത‌്. എങ്കിലും ഉണ്ണികൃഷ്ണൻ വെറുതെ ഇരിക്കുന്നില്ല. വേനൽക്കാലത്ത‌് പതിവില്ലെങ്കിലും ഇടയ്‌ക്ക്‌ സാധകം. ജ്യേഷ‌്ഠൻ പോരൂർ ശങ്കരനാരായണൻ വീട്ടിലുള്ളതിനാൽ പരീക്ഷണങ്ങൾക്ക്‌  സാധ്യതകളേറെ. കൊൽകൊത്ത ശാന്തിനികേതനിൽ ചെണ്ട അധ്യാപകനായ ശങ്കരനാരായണൻ കോവിഡ‌് 19ൽപ്പെട്ട‌് തിരിച്ചുപോകാനാകാതെ കുടുങ്ങിയതാണ‌്.  
കഴിഞ്ഞ ദിവസം തായമ്പകയുടെ ഒരു ഭാഗം  ഇരുവരും ചേർന്ന‌് അതിമനോഹരമായി കൊട്ടി വീഡിയോ ചെയ്തിരുന്നു. സുധീപ‌് പാലനാട‌് ചെയ്യുന്ന സംഗീത വീഡിയോക്കു വേണ്ടി.  ക്രിയാത്മക പരിപാടികളാൽ സജീവമാണ‌് ലോക‌്ഡൗൺ കാലമെന്ന‌് പോരൂർ ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘‘ തായമ്പകയിൽ അടിസ്ഥാനത്തിൽ മാറ്റം വരുത്താതെ ചില  അടവുകൾ അതത‌് സമയത്ത‌് ചെയ്തുപോരുന്നതാണ‌്. എന്നാൽ, ഇത്തരം ഇടവേളകളിൽ അവയുടെ കൂടുതൽ സാധ്യതകൾ ആരായാനാകും.  ഒരു ‘ഫ്യൂഷ’നെക്കുറിച്ചും ആലോചിക്കുന്നു.  കലാകാരന്മാരെക്കുറിച്ച‌് ഏകദേശ ധാരണയായി.  
അവരെക്കൊണ്ട്‌ ചെയ്തുവാങ്ങാനാണ‌് ഉദ്ദേശിക്കുന്നത‌്. ’’- പോരൂർ പറഞ്ഞു.  നാടാകെ മഹാമാരിയുടെ ഭീതിയിൽ നിൽക്കുമ്പോൾ സർവമേഖലയേയും സ്‌പർശിക്കുന്ന, പിണറായിയെപ്പോലെ ഒരു ഭരണാധികാരി നമുക്കുണ്ട്‌ എന്നത്‌ അഭിമാനകരമാണെന്നും പോരൂർ പറഞ്ഞു. തായമ്പക രംഗത്തെ തിരക്കുള്ള കലാകാരനാണ‌് പോരൂർ. മട്ടന്നൂർ, ഉദയൻ നമ്പൂതിരി ഉൾപ്പെടെ വിവിധ കലാകാരന്മാരോടൊപ്പം ഡബിളും ത്രിബിളും പഞ്ചതായമ്പക വരെ ചെയ്യുന്നു. 
ഈയിടെ ‘ഒരു ദേശവിശേഷം’ എന്ന സിനിമയിലും അഭിനയിച്ചു. ഒരു സീസണിൽ നൂറിലധികം സിംഗിൾ തായമ്പക വരെ ചെയ്യാറുണ്ട‌്.
പ്രധാന വാർത്തകൾ
 Top