കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്റെ പ്രവർത്തന മേഖലയാണ് തവനൂർ. ചരിത്രമുറങ്ങുന്ന മണ്ണ്. മാമാങ്കം നടന്ന തിരുന്നാവായ മണൽത്തിട്ടയും നാവാമുകുന്ദ ക്ഷേത്രവും ഇവിടെയാണ്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിതാഭസ്മം നിമഞ്ജനംചെയ്തത് ഇവിടെ ഭാരതപ്പുഴയിൽ.
കേരളത്തിലെ ഏക കാർഷിക എൻജിനിയറിങ് കോളേജും ഈ നാടിന് സ്വന്തം. മതനിരപേക്ഷതയ്ക്ക് പേരുകേട്ട നാട് തെരഞ്ഞെടുപ്പുകളിൽ എന്നും ഇടതുപക്ഷത്തിനൊപ്പംനിന്നു. നിളാനദി തഴുകിയുണർത്തുന്ന നാട് പ്രകൃതിസൗന്ദര്യംകൊണ്ടും അനുഗ്രഹീതം.
2011-ലാണ് തവനൂർ മണ്ഡലം നിലവിൽവന്നത്. പൊന്നാനി, തിരൂർ മണ്ഡലങ്ങളിലെ പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് പുതിയ മണ്ഡലം രൂപീകരിച്ചത്. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, തൃപ്രങ്ങോട്, മംഗലം, പുറത്തൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തവനൂർ നിയമസഭാ മണ്ഡലം. കാലടി, വട്ടംകുളം, മംഗലം പഞ്ചായത്തുകൾ യുഡിഎഫ് ഭരിക്കുമ്പോൾ തവനൂർ, എടപ്പാൾ, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നു.
കന്നി തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വി വി പ്രകാശിനെ 6804 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തോൽപ്പിച്ച് കെ ടി ജലീൽ സാന്നിധ്യമുറപ്പിച്ചു. 2006–-ൽ അന്നത്തെ കുറ്റിപ്പുറം മണ്ഡലത്തിൽ മുസ്ലിംലീഗിലെ അതികായൻ പി കെ കുഞ്ഞാലിക്കുട്ടിയെ അടിയറവുപറയിച്ചാണ് ജലീൽ തവനൂരിലെത്തിയത്. 2014–--ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും തവനൂരിൽ ഇടതുപക്ഷം വലിയ മുന്നേറ്റമുണ്ടാക്കി. 2016-–ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ടി ജലീൽ യുഡിഎഫ് സ്ഥാനാർഥിയായ ഇഫ്ത്തിക്കാറുദ്ദീനെ 17,064–-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽപ്പിച്ചത്.
വികസനത്തിന്റെ പുതിയ കഥകളാണ് മണ്ഡലത്തിന് പറയാനുള്ളത്. കിഫ്ബി മുഖേന 32 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഒളമ്പക്കടവ് പാലം, 12 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എടപ്പാള്‍ മേല്‍പ്പാലം, 25 കോടി രൂപ ചെലവില്‍ ചമ്രവട്ടം പാലത്തിന്റെ ഷട്ടറിന്റെ ചോര്‍ച്ച തടയല്‍, 10 കോടി രൂപ ചെലവില്‍ തവനൂര്‍ ഗവണ്മെന്റ് കോളേജ് കെട്ടിടം, 48 കോടി രൂപ ചെലവില്‍ നായര്‍തോട് പാലം, 50 കോടി രൂപ ചെലവില്‍ തിരുന്നാവായ–--തവനൂര്‍ പാലം, 58 കോടി രൂപ ചെലവിൽ പടിഞ്ഞാക്കര–--ഉണ്യാല്‍ റോഡ് എന്നിവ നേട്ടങ്ങളിൽ ചിലതുമാത്രം.
പ്രതിനിധീകരിച്ചവർ
2011–- കെ ടി ജലീൽ
2016–- കെ ടി ജലീൽ
2016 നിയമസഭ
കെ ടി ജലീൽ (എൽഡിഎഫ് സ്വത–- 68,179)
ഇഫ്ത്തിക്കാറുദ്ദിൻ (കോൺഗ്രസ്–- 51,115)
രവി തേലത്ത് (ബിജെപി –-15,801)
ഭൂരിപക്ഷം 17,064
തദ്ദേശ തെരഞ്ഞെടുപ്പ് 2020
തവനൂർ, എടപ്പാൾ, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകൾ (എൽഡിഎഫ്),
കാലടി, വട്ടംകുളം, മംഗലം പഞ്ചായത്തുകൾ (യുഡിഎഫ്).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..