18 April Sunday

ചേർത്തുപിടിച്ചു 
ഇ എം എസ്

സി പ്രജോഷ്‌ കുമാർUpdated: Wednesday Mar 3, 2021

എ പി അഹമ്മദ്‌

   

 
മലപ്പുറം
‘‘രണ്ട്‌ ഇ എം എസ്‌ സർക്കാരുകൾ നടപ്പാക്കിയ നിയമ നിർമാണങ്ങളാണ്‌ ഈ നാട്ടിലെ സാധാരണക്കാരെ ആത്മാഭിമാനമുള്ളവരാക്കി മാറ്റിയത്‌. ജില്ലയിൽ അതിന്റെ പ്രധാന ഗുണഭോക്താക്കൾ  മുസ്ലിം ന്യൂനപക്ഷങ്ങളായിരുന്നു. ഇന്ന്‌ അവർ അനുഭവിക്കുന്ന പല നേട്ടങ്ങളും  ഇ എം എസ്‌ സർക്കാരിന്റെ സംഭാവനയാണ്‌. 
മുസ്ലിംലീഗിന്‌ അതിൽ ഒന്നും അവകാശപ്പെടാനില്ല–- എ പി അഹമ്മദ്‌ ഇത്‌ വെറുതെ പറയുകയല്ല. നാടിന്റെ രാഷ്‌ട്രീയ ചരിത്രവും നിയമസഭാ രേഖകളും ആഴത്തിൽ പഠിച്ചതിൽനിന്നുള്ള തിരിച്ചറിവാണത്‌. 
    മലപ്പുറത്തിന്റെ പിന്നോക്കാവസ്ഥ‌ക്ക്‌ മാറ്റം വരുത്തിയത്‌ പ്രവാസികളുടെ കുടിയേറ്റമാണ്‌. അതിന്‌ ഇവിടത്തെ സാധാരണക്കാരെ പ്രാപ്‌തമാക്കിയത്‌  ഭൂപരിഷ്‌കരണമാണ്‌. പത്ത്‌ സെന്റ്‌ ഭൂമി കിട്ടിയവരാണ്‌ രണ്ട്‌ സെന്റ്‌ വിറ്റ്‌ ജോലി തേടി വിദേശത്ത്‌  പോയത്‌. ഭരണമേറ്റെടുത്ത്‌ ആറാം ദിവസമാണ്‌ ഇ എം എസ്‌ സർക്കാർ ഭൂനിയമ  ഭേദഗതി ഓർഡിനൻസ്‌ കൊണ്ടുവന്നത്‌.  ഗവർണർ ഒപ്പിടാതെ മടക്കിയിട്ടും സർക്കാർ പിൻവാങ്ങിയില്ല. 
ഭൂപരിഷ്‌കരണ ബില്ല്‌ തയാറാക്കിയ സർക്കാരിനെ വിമോചന സമരക്കാർ അട്ടിമറിച്ചു. രണ്ടാം ഇ എം എസ്‌ സർക്കാരാണ്‌ അത്‌ യാഥാർഥ്യമാക്കിയത്‌. 1969 ഫെബ്രുവരി 12ന്‌ ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടപ്പോൾ അത്‌ മലയാളിയെ മാറ്റിമറിച്ച നിയമനിർമാണമായി. 27 ലക്ഷം പേർക്കാണ്‌ സ്വന്തമായി ഭൂമി ലഭിച്ചത്‌. മലപ്പുറത്ത്‌ ഏറെയും മാപ്പിള കുടിയാന്മാരായിരുന്നു. 
ഭൂമിയിൽ സ്വന്തമായി അവകാശം ലഭിച്ച ഇവരുടെ പിൻതലമുറയാണ്‌ പിന്നീട്‌ ജോലി തേടി വിദേശത്തേക്ക്‌ പോയത്‌. ‘തന്റേടം’ എന്ന വാക്ക്‌ പിറന്നത്‌ ഭൂപരിഷ്‌കരണത്തിനുശേഷമാണെന്ന്‌ മണ്ണിന്റെ കഥാകാരൻ ചെറുകാട്‌ പറയുന്നുണ്ട്‌. 
 ഇ എം എസ്‌ സർക്കാരിന്റെ നയങ്ങളെ ഫത്‌വകൾ ഇറക്കിയാണ്‌ അക്കാലത്ത്‌ മുസ്ലിംലീഗ്‌ നേരിട്ടത്‌. പക്ഷേ, ഫത്‌വകൾ ജനം തള്ളി. ഭൂമിയിൽ ജന്മാവകാശം നൽകിയ പ്രസ്ഥാനത്തെ അവർ നെഞ്ചോടു‌ചേർത്തുപിടിച്ചു. 
 
ഇ എം എസ്‌ സർക്കാരുകൾ 
സ്വീകരിച്ച പ്രധാന നടപടികൾ
1921 ലെ മലബാർ സമരത്തെ തുടർന്ന്‌ മലബാറിൽ പള്ളികളും മദ്രസകളും തുടങ്ങാൻ സർക്കാരിൽനിന്നും പ്രത്യേക അനുമതി ആവശ്യമായിരുന്നു. മറ്റ്‌ മതങ്ങൾക്കില്ലാത്ത ഈ നിയന്ത്രണം എടുത്തുകളഞ്ഞു. 
സർക്കാർ സർവീസിൽ എല്ലാ പിന്നോക്ക വിഭാഗങ്ങൾക്കുമായി 25 ശതമാനം സംവരണമായിരുന്നു. ഇത്‌ മാറ്റി മുസ്ലിം/ഈഴവ വിഭാഗങ്ങൾക്ക്‌ ജനസംഖ്യാനുപാതികമായി 12 ശതമാനം സംവരണം ഏർപ്പെടുത്തി. ഇന്നും ഇതാണ്‌ തുടരുന്നത്‌.  
മലബാർ കലാപത്തെ തുടർന്ന്‌ മദ്രാസ്‌ സർക്കാർ നിർത്തലാക്കിയ മലപ്പുറം നേർച്ച പുനരാരംഭിച്ചു. 
സ്വകാര്യ വിദ്യാലയങ്ങൾക്ക്‌ ആദ്യമായി സർക്കാർ ഗ്രാൻഡ്‌ അനുവദിച്ചു.  
കോഴിക്കോട്‌ സർക്കാർ മെഡിക്കൽ കോളേജ്‌ ആരംഭിച്ചു
മാവൂരിൽ ഗ്വാളിയോർ റയോൺസ്‌ ഫാക്ടറി ആരംഭിച്ചു 
1921ലെ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക്‌ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പെൻഷൻ ലഭ്യമാക്കി
എംഎസ്‌പി റിക്രൂട്ട്‌മെന്റിൽ മുസ്ലിങ്ങൾക്കുള്ള വിലക്ക്‌ നീക്കി
1967ൽ  കലിക്കറ്റ്‌ സർവകലാശാല ആരംഭിച്ചു
1969 ജൂൺ 16ന്‌ മലപ്പുറം ആസ്ഥാനമായി പുതിയ ജില്ല രൂപീകരിച്ചു
എല്ലാ പഞ്ചായത്തിലും സർക്കാർ ഹൈസ്‌കൂൾ തുടങ്ങി
മുസ്ലിം/ നാടാർ പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്‌ ഏർപ്പെടുത്തി 
പൂന്താനത്തിനും  മോയിൻകുട്ടി വൈദ്യർക്കും സ്‌മാരകം നിർമിക്കാൻ തീരുമാനിച്ചു 
 
 
എ പി അഹമ്മദ്‌
ഇ എം എസിനെ മുസ്ലിംവിരുദ്ധനായി ചിത്രീകരിക്കാൻ മുസ്ലിംലീഗുകാർ കൊണ്ടുപിടിച്ചുനടന്ന കാലമുണ്ടായിരുന്നു. അന്ന്‌ ചന്ദ്രികയിലെ പത്രപ്രവർത്തകൻ എ പി അഹമ്മദിനെ കമ്യൂണിസ്‌റ്റ്‌ സർക്കാരിന്റെ മുസ്ലിംവിരുദ്ധതയെക്കുറിച്ച്‌ ലേഖന പരമ്പര തയ്യാറാക്കാൻ തിരുവനന്തപുരത്തേക്കയച്ചു. അവിടെയെത്തിയ അദ്ദേഹം  ന്യൂനപക്ഷ സമുദായവുമായി ബന്ധപ്പെട്ട 84 ബില്ലുകൾ പരിശോധിച്ചു. മടങ്ങിയെത്തിയ അദ്ദേഹം ചന്ദ്രികയിലെ ജോലി രാജിവച്ചു. ഇടതുപക്ഷ സർക്കാരുകൾ നടപ്പാക്കിയതത്രയും ന്യൂനപക്ഷക്ഷേമ നടപടികളായിരുന്നു. തന്റെ രാഷ്‌ട്രീയ ചിന്താധാരതന്നെ മാറ്റിമറിച്ച ആ അന്വേഷണം അദ്ദേഹം പിന്നീട്‌ പുസ്‌തക രൂപത്തിലാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top