16 April Friday

‘ആ കാലം
കടങ്കഥയായില്ലേ’

സി പ്രജോഷ്‌കുമാർUpdated: Wednesday Mar 3, 2021

പാലോളി മുഹമ്മദ്‌കുട്ടി

 

മലപ്പുറം
മുസ്ലിംലീഗ്‌ നേതാവ്‌ കെ സി അബൂബക്കർ മൗലവി പെരിന്തൽമണ്ണ അങ്ങാടിയിൽ പ്രസംഗത്തിലാണ്‌. അഞ്ച്‌ കൈവിരലുയർത്തി അണികളോടായി ചോദ്യമുയർത്തുന്നു. ‘‘ഈ അഞ്ച്‌ വിരലുകൾക്കും ഒരേ വലിപ്പമാണോ? അതുപോലെയാണ്‌ ജന്മിമാർക്ക്‌ ഭൂമിയിലുള്ള അവകാശം. അത്‌ അള്ളാഹു കൽപ്പിച്ച്‌ നൽകിയതാണ്‌. അത്‌ പിടിച്ചെടുക്കാൻ നിയമം കൊണ്ടുവരുന്നത്‌ അനിസ്ലാമികമാണ്‌’’–- മുസ്ലിം ന്യൂനപക്ഷങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന പാട്ടക്കുടിയാന്മാരെ മുന്നിലിരുത്തിയാണ്‌ അദ്ദേഹം ഇ എം എസ്‌ സർക്കാർ നടപ്പാക്കിയ കുടിയൊഴിപ്പിക്കൽ നിരോധ നിയമത്തെ വിമർശിച്ചത്‌.  ‘‘ലീഗ്‌ അന്നും ഇന്നും നിലകൊള്ളുന്നത്‌ മുസ്ലിം പ്രമാണിമാർക്കുവേണ്ടി. ഈ വിവേചനം അവരെ ബോധ്യപ്പെടുത്തിയാണ്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം ജില്ലയിൽ വളർന്നത്‌. അതിനെ കുപ്രചാരണങ്ങളാൽ‌  തളർത്താനാവില്ല’’–- മുതിർന്ന സിപിഐ എം ‌ നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടിയുടെ ഓർമകളിൽ‌  നേരിന്റെ മൂർച്ച. മത–- സാമുദായിക വികാരം ഇളക്കിവിട്ട്‌ പഴയപോലെ ജനങ്ങളെ കബളിപ്പിക്കാമെന്നത്‌ ലീഗിന്റെ വ്യാമോഹംമാത്രമാണെന്നും പാലോളി പറഞ്ഞു.
  കമ്യൂണിസ്‌റ്റുകാരെ കാഫിറുകളായി ഒറ്റപ്പെടുത്തുകയായിരുന്നു രീതി. പള്ളികളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. പള്ളികളിലാണ്‌ ലീഗിന്റെ രാഷ്‌ട്രീയ യോഗങ്ങൾ ചേർന്നിരുന്നത്‌. പാർടി തീരുമാനങ്ങളും പള്ളിയിൽ പ്രഖ്യാപിക്കും. അതിനെ എതിർത്തവരെ ആദ്യകാലങ്ങളിൽ മർദിച്ചൊതുക്കി. എന്നാൽ,  കർഷക സമരങ്ങളിലൂടെ കൂടുതൽപേർ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ഭാഗമായി. അതോടെയാണ്‌ പള്ളികൾ കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ ലീഗ്‌ നിർബന്ധിതമായത്‌. 
  ഇ എം എസ്‌ സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ നയത്തിനെതിരെയും ലീഗ്‌ മതവികാരം ഇളക്കിവിടാൻ ശ്രമിച്ചു.  സ്‌കൂളുകളിൽ ഭൂരിഭാഗവും മാനേജ്‌മെന്റുകൾക്ക്‌ കീഴിലായിരുന്നു. സർക്കാർ നൽകുന്ന ഗ്രാന്റ്‌‌‌ അധ്യാപകർക്ക്‌ കൊടുത്തിരുന്നില്ല.  ഇ എം എസ്‌ സർക്കാർ ഗ്രാന്റ്‌ അധ്യാപകർക്ക്‌ നേരിട്ട്‌ നൽകുന്ന രീതി നടപ്പാക്കി. ആറും എട്ടും രൂപ ശമ്പളമായി ലഭിച്ചിരുന്നവർക്ക്‌ 40–-120 രൂപ അടിസ്ഥാന വേതനമായി നിശ്‌ചയിച്ചു. കേരളത്തെ മാറ്റിമറിച്ച തീരുമാനം. അന്നും ലീഗ്‌ എതിർത്തു. വിമോചന സമരമുണ്ടാക്കി സർക്കാരിനെ അട്ടിമറിക്കാനാണ്‌ അവർ ശ്രമിച്ചത്‌.
  സച്ചാർ കമീഷൻ റിപ്പോർട്ടിനെ പിൻപറ്റി തുടർനടപടി സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണ്‌. ന്യൂനപക്ഷ–- പിന്നോക്ക വിദ്യാർഥികൾക്ക്‌ സർക്കാർ ജോലികളിൽ പരിശീലനം നൽകാൻ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. മദ്രസാ  അധ്യാപകർക്ക്‌ ക്ഷേമനിധി ഏർപ്പെടുത്തി. അതിനെ പലിശയുടെ പേരിൽ തകർക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌.
ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ മുൻനിർത്തിയാണ്‌ ഇടതുപക്ഷം എല്ലാ കാലത്തും പ്രവർത്തിച്ചത്‌.  ജനങ്ങൾ അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ ഈ പ്രസ്ഥാനത്തോട്‌ അടുത്തത്‌– പാലോളി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top