19 January Sunday
രൂപഘടനയിൽ മാറ്റംവരുത്തിയ 10 വാഹനങ്ങൾ പിടികൂടി

കേസ്‌ 379; പിഴ 2.5 ലക്ഷം

സ്വന്തം ലേഖകൻUpdated: Monday Dec 2, 2019
തിരൂരങ്ങാടി
സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപക പരിശോധനയുടെ ഭാഗമായി  ജില്ലയിൽ ഞായറാഴ്‌ച  രാവിലെ എട്ടുമുതൽ വൈകിട്ട്‌ അഞ്ചുവരെ  പരിശോധന നടത്തി. 379 കേസുകളിൽ 2,77,200 പിഴചുമത്തി. 
എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെയും വിവിധ സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി, തിരൂർ, തിരൂരങ്ങാടി, മഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ ബസുകളിൽ ടിക്കറ്റ് നൽകാത്തത് ഉൾപ്പെടെ വ്യാപകമായി നിയമലംഘനങ്ങൾ കണ്ടെത്തി.ഹെൽമെറ്റ് ധരിക്കാത്ത 106, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ്  10, സീറ്റ് ബെൽറ്റ് ധരിക്കാത്തവ 41, അപകടകരമായ രീതിയിൽ വാഹനമോടിച്ച 13,  ഇൻഷുറൻസ് ഇല്ലാത്ത 18 വാഹനങ്ങൾ, എയർ ഹോൺ ഉപയോഗിച്ച 27 വാഹനങ്ങൾ, വാഹനങ്ങളുടെ രൂപഘടനയിൽ മാറ്റംവരുത്തിയ 10, ടാക്സ് അടയ്ക്കാത്ത 11 വാഹനങ്ങൾ, തീവ്രതകൂടിയ ഹെഡ് ലൈറ്റ് ബൾബുകൾ ഉപയോഗിച്ച് നാലെണ്ണം തുടങ്ങി വിവിധ നിയമലംഘനങ്ങളും പിടികൂടി. 
ടിക്കറ്റ് നൽകാത്ത 28 ബസുകൾക്കെതിരെയും നടപടിയുണ്ടായി. ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ ടി ജി ഗോകുലിന്റെ നിർദേശപ്രകാരം എംവിഐമാരായ എസ് എം മനോജ് കുമാർ, ഷാജി വർഗീസ്, കെ വി റെജിമോൻ, പി വി വിജേഷ്, വിനോദ് കുമാർ,എഎംവിഐമാരായ  വി എസ് സജിത്ത്, ടി പ്രബിൻ, കെ പ്രദീപ്, ഫസലുറഹ്മാൻ, കെ ആർ റഫീഖ്, മുനീബ് അബാളി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ബൈക്ക് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ കുറയ്ക്കാൻ വരുംദിവസങ്ങളിൽ കർശനമായ പരിശോധന തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ  ടി ജി ഗോകുൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top