മഞ്ചേരി
ആറുകിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. മലപ്പുറം കീഴാറ്റൂർ ഏരിക്കുന്നൻ പ്രദീപ് (45) എന്ന ഓട്ടോ കുട്ടൻ ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വിൽപ്പനക്കായി ഓട്ടോയിൽ കൊണ്ടുവന്ന കഞ്ചാവ് ആനക്കയത്തുവച്ച് ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് പിടികൂടുകയായിരുന്നു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിലെടുത്തു. കഴിഞ്ഞ രണ്ടുമാസത്തിനിടെ വിദ്യാർഥികൾക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയടക്കം എട്ടുപേരെ പ്രത്യേക സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് ജില്ലയിൽ കഞ്ചാവ് എത്തിക്കുന്ന അന്തർജില്ലാ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
ജില്ലയിലെ തീരദേശ മേഖലകളിലേക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി. അമ്പലത്തിലെ മോഷണമടക്കം നിരവധി മോഷണക്കേസിലെ പ്രതിയാണ്. ഇയാളുടെ പേരിൽ ജില്ലയിൽ എക്സൈസിലും പൊലീസിലും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് 10ഓളം കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി ഷംസ്, മഞ്ചേരി സിഐ അലവി, എസ്ഐ സുമേഷ് സുധാകർ, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, മഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ ഷാഹുൽ ഹമീദ്, ശശികുമാർ, ഷഹബിൻ, സി അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..