13 October Sunday
വെബ്‌സൈറ്റ്‌ നിശ്ചലം

ഇഎസ്‌ഐ രോഗികളുടെ അടിയന്തര ചികിത്സ മുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Oct 2, 2024
 
 
മലപ്പുറം
വെബ്‌സൈറ്റ്‌ നിശ്ചലമായതോടെ ഇഎസ്‌ഐ കോർപറേഷനുകീഴിലെ തൊഴിലാളികളുടെ സ്വകാര്യ ആശുപത്രികളിലെ അടിയന്തര ചികിത്സ മുടങ്ങി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ സൈറ്റ്‌ നിശചലമായത്‌. ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. ഇതോടെ രാജ്യത്തെ ലക്ഷക്കണക്കിന്‌ രോഗികളാണ്‌ ദുരിതത്തിലായത്‌. കാൻസർ രോഗികൾ ഉൾപ്പെടെ ചികിത്സ കിട്ടാതെ ഇഎസ്‌ഐ ആശുപത്രികളിൽ കയറിയിറങ്ങുകയാണ്‌. വെബ്‌സൈറ്റ്‌ തകരാർ എന്ന്‌ പരിഹരിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. 
 ഇഎസ്‌ഐ ആശുപത്രികളിൽ ലഭ്യമല്ലാത്ത അടിയന്തര ചികിത്സക്കാണ്‌ സ്വകാര്യ ആശുപത്രികളിലേക്ക്‌ ഡോക്ടർമാർ റഫർ ചെയ്യുക. ഹൃദയാഘാതം ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സമാത്രമാണ്‌ ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത്‌. മറ്റ്‌ ചികിത്സയെല്ലാം മുടങ്ങി.  
യുടിഐ ഇൻഫ്രാസ്‌ട്രക്‌ചർ ടെക്‌നോളജി ആൻഡ്‌ സർവീസസ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനിയാണ്‌ ഇഎസ്‌ഐക്കായി സ്വകാര്യ ആശുപത്രികളിലെ ചികിത്സയുടെ ബിൽ കൈകാര്യംചെയ്യുന്നത്‌. esicbpa.utiitsl.com വെബ്‌സൈറ്റിൽ  പി1 ഫോമിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കുള്ള അപേക്ഷ അപ്‌ലോഡ്‌ ചെയ്യണം.  നിലവിൽ ഇത്‌ സാധ്യമല്ല.  കമ്പനിക്ക്‌ നെറ്റ്‌ നൽകുന്ന റെയിൽ ടെൽ നെറ്റ്‌വർക് കമ്പനിയാണ്‌ സാങ്കേതിക തകരാർ പരിഹരിക്കേണ്ടതെന്നാണ്‌  യുടിഐഐടിഎസ്‌എൽ അധികൃതർ പറയുന്നത്‌. 
ഇഎസ്‌ഐ ആശുപത്രികൾ നൽകുന്ന പി 1 ഫോം നേരിട്ട്‌ സ്വീകരിക്കാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാവുന്നില്ല. ഓൺലൈൻ അല്ലാതെ അപേക്ഷ സ്വീകരിച്ചാൽ പണം  ലഭിക്കില്ലെന്ന ഭീതിയാണ്‌ ഇതിന്‌ കാരണം. നിലവിൽ പല സ്വകാര്യ ആശുപത്രികൾക്കും ഇഎസ്‌ഐ  കുടിശ്ശികയുണ്ട്‌.  ഗുരുതര ശസ്‌ത്രക്രിയയും തുടർ ചികിത്സയും ആവശ്യമുള്ളവർക്ക്‌ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാവാത്ത സ്ഥിതിയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top