ഉൾക്കാട്ടിലൂടെ അവരെത്തേടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2024, 02:23 AM | 0 min read

മലപ്പുറം
മൃഗങ്ങൾ നിറഞ്ഞ കാടും കുത്തിയൊലിക്കുന്ന ചാലിയാറും അവരെ തടഞ്ഞില്ല. ചെങ്കുത്തായ മലകളും ദുർഘടപാതകളും തടസ്സമായില്ല. എല്ലാം അതിജീവിക്കാൻ കരുത്തായത്‌ സഹജീവിസ്‌നേഹം.  ഉറവവറ്റാത്ത മനുഷ്യസ്‌നേഹം.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾ തേടിയിറങ്ങിയത്‌ നൂറുകണക്കിന്‌ ആളുകൾ. വാണിയമ്പുഴയിൽനിന്ന് 24 കിലോമീറ്റർ അകലെ വയനാട് മേപ്പാടിക്കടുത്ത് പരപ്പൻപാറയിൽനിന്നാണ്‌ 14 ശരീരഭാഗങ്ങൾ കിട്ടിയത്. രാവിലെ ഏഴിന്‌ പുറപ്പെട്ട സംഘം ഉച്ചയ്‌ക്കുമുമ്പുതന്നെ മൃതദേഹം കണ്ടെത്തിയെങ്കിലും ചുമന്ന്‌ താഴേക്ക്‌ കൊണ്ടുവരാൻ കഴിയാത്ത സാഹചര്യമായതിനാൽ എയർ ലിഫ്‌റ്റിങ്ങിന്‌ ശ്രമിച്ചു. എന്നാൽ, കാട്ടിൽ ഹെലികോപ്‌റ്റർ ഇറക്കാനായില്ല. ഇതോടെ വിവിധ ദിക്കിലെ 50 അംഗ ഉദ്യോഗസ്ഥരും വളന്റിയർ സംഘവും ഒത്തുകൂടി പുറത്തെത്തിക്കാൻ തീരുമാനിച്ചു. പരപ്പൻപാറയിൽ വടംകെട്ടി മൃതദേഹങ്ങൾ താഴെയെത്തിച്ചു.
കാൽനടയായി സഞ്ചരിച്ച് രാത്രി ഏഴിനാണ് സന്നദ്ധപ്രവർത്തകർ ചാലിയാർ പുഴയിലെ വാണിയമ്പുഴ കടവിൽ എത്തിയത്‌. ഇവിടെനിന്ന്‌ മറുകരയിലേക്ക്‌ ശരീരഭാഗങ്ങളുമായി പോകുന്നതിനിടെ റബർ ഡിങ്കി ഒഴുക്കിൽപ്പെട്ടു. ഏറെ പണിപ്പെട്ടാണ്‌ സംഘം കരയിലെത്തിയത്‌.
കലക്ടർ വി ആർ വിനോദ്‌, ഡിഐജി അജിതാബീഗം, ജില്ലാ പൊലീസ്‌ മേധാവി എസ്‌ ശശിധരൻ, ഈസ്റ്റ്‌ സർക്കിൾ ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ കെ വിജയാനന്ദ്‌, നിലമ്പൂർ നോർത്ത്‌ ഡിഎഫ്‌ഒ പി കാർത്തിക്‌, സൗത്ത്‌ ഡിഎഫ്ഒ ജി ധനിക്‌ലാൽ, അസി. കൺസർവേറ്റർ ഓഫ്‌ ഫോറസ്‌റ്റ്‌ അനീഷ സിദ്ദീഖ്‌, റീജണൽ ഫയർ ഓഫീസർ കെ കെ ഷിജു, ജില്ലാ ഫയർ ഓഫീസർ വി കെ ഋത്വിക്‌ തുടങ്ങിയവർ മുണ്ടേരിവനം കേന്ദ്രീകരിച്ച്‌ തിരച്ചിലിന്‌ നേതൃത്വംനൽകി.


deshabhimani section

Related News

0 comments
Sort by

Home