20 September Friday

മലയോരത്ത്‌ വികസന പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

ഉദ്‌ഘാടനത്തിന് തയ്യാറെടുക്കുന്ന 110 കെവി സബ് സ്റ്റേഷൻ

 

നിലമ്പൂർ
മലയോര തോട്ടം മേഖലയിൽ വോൾട്ടേജ് ക്ഷാമം ഇനി പഴങ്കഥയാകും. പ്രസരണ മേഖല ശക്തിപ്പെടുത്താനും വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും വെളിയന്തോട് ആരംഭിക്കുന്ന മഞ്ചേരി-–-നിലമ്പൂർ 110 കെവി സബ്സ്റ്റേഷന്‍ നിർമാണം അവസാനഘട്ടത്തിൽ. മഞ്ചേരി-–-നിലമ്പൂർ 66 കെവി ലൈനിന്റെ ശേഷി 110 കെവിയായി ഉയർത്തുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. മഞ്ചേരിയിൽനിന്ന് നിലമ്പൂർ വരെ 24 കീലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി പ്രവൃത്തി കഴിഞ്ഞമാസം ആരംഭിച്ചു. 22 കോടി രൂപ ചെലവിലാണ് പദ്ധതി. പദ്ധതിയുടെ ഭാ​ഗമായി 60 കോൺക്രീറ്റ് കാലുകൾ ഉറപ്പിക്കൽ  പൂർത്തിയാക്കി. 18 കോൺക്രീറ്റ് ടവറുകളുടെ കാലുകൾ ഉറപ്പിക്കൽ   നടന്നുകൊണ്ടിരിക്കുന്നു. 78 ടവറുകളുടെ പുനർനിർമാണത്തിനുശേഷം ലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. മൂന്ന് ഘട്ടങ്ങളായാണ് സബ്സ്റ്റേഷൻ പണി പൂർത്തിയാക്കുന്നത്. ആദ്യഘട്ടത്തിലെ കൺട്രോൾ റൂമിന്റെ കെട്ടിടം മിനുക്കുപണി നടന്നുകൊണ്ടിരിക്കുകയാണ്. യാർഡ്, ലൈൻ വലിക്കൽ പദ്ധതി ഉടനെ ആരംഭിക്കും. യാർഡിൽ 20 എംവിഎ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമര്‍ സ്ഥാപിക്കും. പദ്ധതി യഥാർഥ്യമാകുന്നതോടെ കാലവർഷ സമയങ്ങളിൽ ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽനിന്നുള്ള ഉൽപ്പാദനം കൂടുതൽ ഉപയോ​ഗപ്പെടുത്തും. പ്രവൃത്തി നടക്കുന്നതിനാൽ മലയോര മേഖലയിൽ ഇടദിവസങ്ങളിൽ വൈദ്യുതി തടസ്സം നേരിടേണ്ടിവരും. ഡിസംബർ അവസാനത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് കെഎസ്ഇബിയുടെ ശ്രമം. മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് 35 വർഷമായി തടസ്സവാദങ്ങൾ നിരത്തി ഒഴിവാക്കിയ പദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതോടെ യാഥാർഥ്യമാകുന്നത്‌. 
യോ​ഗം ചേർന്നു
നിലമ്പൂർ
മഞ്ചേരി-–-നിലമ്പൂർ 66 കെവി ലൈൻ 110 കെവി ലൈനാക്കുന്ന പ്രവൃത്തി വിലയിരുത്താൻ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ യോ​ഗം ചേർന്നു. നിലമ്പൂർ പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിൽ നടന്ന യോ​ഗത്തിൽ ട്രാൻസ്‌മിഷൻ എഇ കെ കെ രാജീവ്, ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ എം അജിത്കുമാർ, കെ കെ ബൈജു, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top