31 March Friday

ട്രോളിങ് നിരോധനം നീങ്ങിയിട്ടും തീരം വറുതിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2016

ട്രോളിങ് നിരോധനം അവസാനിച്ചതോടെ കടലിലിറങ്ങിയ ചെറുവള്ളങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭിച്ച മത്സ്യം

 താനൂര്‍ > ട്രോളിങ് നിരോധനം നീങ്ങിയെങ്കിലും വറുതി വിട്ടുമാറുന്നില്ല. ഞായറാഴ്ച അര്‍ധരാത്രിയില്‍ മത്സ്യബന്ധനത്തിനിറങ്ങിയ തൊഴിലാളികള്‍ക്ക് കാര്യമായ മത്സ്യം ലഭിച്ചില്ല. ട്രോളിങ് നിരോധന കാലാവധി കഴിഞ്ഞ് മത്സ്യബന്ധനത്തിനിറങ്ങുന്നവര്‍ക്ക് അയല, മത്തി, ആവോലി, അയക്കൂറ, കിളിമീന്‍, കൂന്തള്‍ എന്നിവ സുലഭമായി ലഭ്യമായിരുന്നു. എന്നാല്‍, ഇന്ന് മത്സ്യസമ്പത്ത് പതിന്മടങ്ങ് കുറഞ്ഞതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

വിദേശക്കപ്പലുകള്‍ക്ക് മത്സ്യം പിടിക്കാനുള്ള അധികാരം നല്‍കിയതിനെ തുടര്‍ന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം കിട്ടാത്ത അവസ്ഥയായതെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചെറിയ വള്ളങ്ങളും എന്‍ജിന്‍ വള്ളങ്ങളും 47 ദിവസം അറ്റകുറ്റപ്പണി ചെയ്ത് കടലിലിറക്കാതെ വരുമ്പോള്‍ വലിയ കപ്പലുകള്‍ യഥേഷ്ടം മീന്‍ പിടിക്കുകയാണെന്ന ആക്ഷേപമാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് ഉള്ളത്.
കഴിഞ്ഞ ട്രോളിങ് കാലത്തും ഇക്കാലയളവിലും സൌജന്യ റേഷന്‍ ലഭിച്ചില്ലെന്ന പരാതിയാണ് ഇവര്‍ക്കുള്ളത്. കഴിഞ്ഞ പെരുന്നാള്‍പോലും നിറംമങ്ങിയിരുന്നു.
മാലിന്യം അടിഞ്ഞുകൂടുന്നതും മത്സ്യലഭ്യത കുറയാനുള്ള പ്രധാന കാരണമായെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളിയായ മൂസാന്റെപുരയ്ക്കല്‍ ഹംസക്കോയ ദേശാഭിമാനിയോട് പറഞ്ഞു. ട്രോളിങ് സമയത്തും അല്ലാത്തപ്പോഴും വിദേശക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രത്തില്‍നിന്ന് മത്സ്യം പിടിക്കാനുള്ള അധികാരം ഒഴിവാക്കിയാല്‍ മാത്രമേ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയൂവെന്നും അതിനാവശ്യമായ നടപടി സര്‍ക്കാര്‍തലത്തില്‍ കൊണ്ടുവരണമെന്നും ഹംസക്കോയ ആവശ്യപ്പെട്ടു.
താനൂര്‍ ഹാര്‍ബറില്‍ എത്തിയ ചില ചെറു വള്ളങ്ങള്‍ക്ക് അയലയും ചെറിയ മത്തിയും ലഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ വലിയ ബോട്ടുകള്‍ നിറയെ മത്സ്യവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കടലോരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top