മലപ്പുറം
ആരുമില്ലാതെ ഒറ്റപ്പെട്ടുപോയവർ, തെരുവുകളിൽ അലഞ്ഞുനടക്കുന്നവർ... അങ്ങനെ ആശ്രയമില്ലാത്തവർക്ക് അഭയം നൽകിയും കുടുംബത്തെ കണ്ടെത്തിയും തണലേകുകയാണ് നവജീവൻ ഓൾഡ് എയ്‌ജ് ഹോം. ചെറുപ്പത്തിൽ നാടുവിട്ട ഇബ്രാഹിമിന് വർഷങ്ങൾക്കുശേഷം കുടുംബത്തെ തിരിച്ചുകിട്ടുന്നത് നവജീവനിലൂടെയാണ്. ഏറെക്കാലത്തെ ഒറ്റപ്പെട്ട ജീവിതത്തിനുശേഷം രോഗബാധിതനായി നടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇബ്രാഹിം നവജീവൻ വൃദ്ധസദനത്തിലെത്തുന്നത്. അവിടെവച്ച് ഫിസിയോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ ലഭ്യമാക്കി. ഇതിനിടെ ഇബ്രാഹിമിന്റെ കുടുംബത്തെ കണ്ടെത്താനും ശ്രമങ്ങൾ തുടർന്നു. ഒടുവിൽ സഹോദരങ്ങളെ കണ്ടെത്തി. പൂർണ ആരോഗ്യവാനായശേഷമാണ് ഇബ്രാഹിനെ കുടുംബത്തിനൊപ്പം വിട്ടത്. കോഴിക്കോട് മൂഴിക്കൽ സ്വദേശി മണിയനും ചാപ്പനങ്ങാടി സ്വദേശി ഇറ്റാമനും കുടുംബത്തെ തിരികെ ലഭിച്ചത് നവജീവനിലൂടെയാണ്.
2018–-ലാണ് നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് ആലത്തൂർപടിയിൽ ആരംഭിക്കുന്നത്. ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ചികിത്സാ ധനസഹായം, അർഹരായ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് എന്നിവ നൽകിയാണ് പ്രവർത്തനങ്ങളുടെ തുടക്കം. 2021 നവംബറിലാണ് കാവുങ്ങളിൽ നവജീവൻ ഓർഡ് എയ്‌ജ് ഹോം തുടങ്ങുന്നത്. തെരുവിൽ അലഞ്ഞുനടക്കുന്നവർ, ഒറ്റപ്പെട്ടുജീവിക്കുന്നവർ, പൊലീസ് മുഖേനയും മറ്റ് സന്നദ്ധസംഘടങ്ങൾ മുഖേനയും എത്തിക്കുന്നവർക്കും ആശ്രയം നൽകിയാണ് മുന്നേറിയത്. വിവിധ സാഹചരങ്ങളിൽനിന്നായി 30 പേരാണ് നവജീവനിൽ എത്തിയത്. ഇതിൽ 16 പേരുടെയും കുടുംബത്തെ കണ്ടെത്താനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..