22 October Tuesday

ചേലേമ്പ്ര ജലനിധി പദ്ധതി: ഉദ്‌ഘാടനം 3ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019
ചേലേമ്പ്ര
ചേലേമ്പ്ര ജലനിധി കുടിവെള്ള പദ്ധതി ചൊവ്വാഴ്ച നാടിന്‌ സമർപ്പിക്കും. പകൽ രണ്ടിന് കാക്കഞ്ചേരി കിൻഫ്ര പരിസരത്തെ ചടങ്ങിൽ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ സി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
2013–-14 വർഷത്തിൽ തുടങ്ങിവച്ച പദ്ധതിയുടെ പൂർത്തീകരണമാണ് നടക്കുന്നത്. 3008 കുടുംബങ്ങളാണ് പദ്ധതി ഗുണഭോക്താക്കൾ.
18 വാർഡുകളുൾപ്പെടുന്ന വിപുലമായ പദ്ധതിക്ക് 9,27,50,000 രൂപയാണ് അടങ്കൽ. ആദ്യഘട്ടത്തിൽ ജലസംഭരണിയില്ലാതെ കിൻഫ്രയിൽനിന്ന്‌ ജലമെടുക്കാനായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ, മുഴുവൻ മേഖലകളിലും അനുസ്യൂതം വെള്ളമെത്തിക്കാൻ ടാങ്ക് അനിവാര്യമാണെന്ന് കണ്ടതിനെ തുടർന്ന് രണ്ടാംഘട്ട പദ്ധതിയായി സംഭരണി നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി 2.62 കോടി രൂപ സഹായം ലഭിച്ചു. 
ടാങ്കിന്റെ പ്രവൃത്തി ഡിസംബറിൽ പൂർത്തിയാകും. ഇതോടെ പൂർണതോതിലുള്ള പ്രവർത്തനത്തിലേക്ക് നീങ്ങും. 
പദ്ധതി ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം രാഷ്ര്‌ട്രീയപ്രേരിതമാണ്. 
ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ക്രിയാത്മകമായ ഏത് വിമർശനത്തെയും സ്വീകരിക്കുന്ന സമീപനമാണ് നിലവിലെ ജനകീയ മുന്നണി ഭരണസമിതി സ്വീകരിച്ചത്. ഇപ്പോൾ യുഡിഎഫും ബിജെപിയും എടുക്കുന്ന സമീപനം ഒട്ടും ആശാസ്യമല്ല. പദ്ധതിയെ പ്രതിസന്ധിയിലാക്കി കുടിവെള്ളംമുട്ടിക്കാനുള്ള തത്പരകക്ഷികളുടെ പ്രചാരണത്തിൽ ആരും വീണുപോകരുതെന്ന്‌ സി രാജേഷ് പറഞ്ഞു.    
വൈസ് പ്രസിഡന്റ്‌ ജമീല മുഹമ്മദ്‌, സെക്രട്ടറി സി സന്തോഷ്, സ്ഥിരംസമിതി ചെയർമാൻമാരായ സി അബ്ദുൾ അസീസ്, സി ശിവദാസൻ, എസ്എൽഇസി പ്രസിഡന്റ്‌ എ ബാലകൃഷ്ണൻ, സെക്രട്ടറി കെ പി രഘുനാഥ് എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top