15 November Friday

മാപ്പിളകല വിധിനിർണയത്തിന് മാർഗരേഖ

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019
കൊണ്ടോട്ടി
സംസ്ഥാന സ്‌കൂൾ കലോത്സവമടക്കമുള്ള മത്സരവേദികളിലെത്തുന്ന മാപ്പിളകലകൾക്ക് ഏകീകൃത വിധിനിർണയത്തിന് മാർഗരേഖ തയാറായതായി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ചെയർമാൻ ടി കെ ഹംസ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിർദേശപ്രകാരം മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയാണ് മാർഗരേഖ തയാറാക്കിയത്. 
മാപ്പിളപ്പാട്ട് മത്സരത്തിൽ തനത് ഇശലുകളിൽ പ്രാസ നിബന്ധനകൾ പാലിച്ചെഴുതപ്പെട്ട രചനകളാണ് ആലപിക്കേണ്ടത്. പൂർവസൂരികളാൽ വിരചിതങ്ങളായ ലക്ഷണമൊത്ത കൃതികളോ സമാന രചനകളോ ആവാം. ആലാപനം പാരമ്പര്യരീതിയിലുള്ള ഈണങ്ങളിൽ ആവണം. ആലാപനത്തിൽ ലളിത ശാസ്ത്രീയസംഗീതങ്ങളുടെ സ്വാധീനം ഒഴിവാക്കണം. ഒരിശലിന്റെ നാലുമൊഴികളെങ്കിലും തുടക്കംമുതൽ തുടർച്ചയായി അവതരിപ്പിക്കണം. 
ഒപ്പനയ്ക്ക് പിന്നണിയോ പക്കമേളമോ പാടില്ല. പത്തുപേരിൽ മൂന്ന് പാട്ടുകാരാവണം. മുൻപാട്ടുകാരിക്കൊപ്പം സഹഗായികമാരും കളിക്കാരും ഏറ്റുപാടണം. പാട്ടും താളത്തിനൊത്ത കൈയടിയുമാണ് പ്രധാനം. അറബനമുട്ട് സംഘത്തിൽ പത്തുപേരുണ്ടാകണം. പ്രവാചക പ്രകീർത്തനങ്ങൾ, രിഫാഇ ബൈത്തുകൾ, ശാദുലീ ബൈത്തുകൾ എന്നിവ അനുവദിക്കും. പിന്നണി പാടില്ല. ഹാളിർ ബൈത്തോടെ അവസാനിപ്പിക്കുന്നതാണ് ഉത്തമം. 
ദഫ്മുമുട്ടിൽ 10 പേരുണ്ടാകണം. അറബി ബൈത്തുകളോ അറബി റശീദകളോ ആവണം ആലപിക്കേണ്ടത്. പ്രവാചക മദ്ഹുകളും സൂഫി കീർത്തനങ്ങളും പ്രമേയങ്ങളാവുകയാണ് അഭികാമ്യം. ബൈത്ത് പാരമ്പര്യ രീതികളിലാണ് ആലപിക്കേണ്ടത്. വട്ടപ്പാട്ടിൽ 11 പേരും കോൽക്കളിയിൽ 12 പേരുമുണ്ടാകും. ചീനിമുട്ട് സംഘത്തിൽ മൂന്നുപേർ വേണം. എന്നിവയാണ് പ്രധാന മാർ​ഗനിർദേശങ്ങൾ. മാർഗനിർദേശം ഏഴിന് രണ്ടരക്ക് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനംചെയ്യും.
അക്കാദമി  സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, കെ വി അബൂട്ടി, ഡോ. കെ കെ മുഹമ്മദ് അബ്ദുൽ സത്താർ, കെ എ ജബാർ എന്നിവരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top