15 October Tuesday

സപ്ലൈകോ ഓണം ഫെയറുകൾക്ക് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019
മലപ്പുറം
അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സപ്ലൈകോ ഓണം ഫെയറിന് ഞായറാഴ്‌ച തുടക്കമാവും. ജില്ലാതല ഫെയർ കുന്നുമ്മൽ അൽനബൂദ ടവറിൽ രാവിലെ 10ന്  മന്ത്രി  കെ ടി ജലീൽ ഉദ്ഘാടനംചെയ്യും. താലൂക്ക്തല ഫെയറുകൾ രണ്ടുമുതലും നിയോജക മണ്ഡല ഫെയറുകൾ ആറുമുതലും ആരംഭിക്കും. 
ജില്ലയിലെ 136 സപ്ലൈകോ ഔട്ട് ലെറ്റുകളും ഓണം ഫെയറുകളായി പ്രവർത്തിക്കും. മാവേലി സ്റ്റോർ ഇല്ലാത്ത പെരിന്തൽമണ്ണ വെട്ടത്തൂരിലും ഒതുക്കുങ്ങലിലും സ്‌പെഷൽ മിനി ഫെയറുകളും നടത്തും. 
മഞ്ചേരി താലൂക്കിൽ സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റിലും തിരൂരിൽ ചമ്രവട്ടം ബിൽഡിങ്ങിലും പൊന്നാനിയിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിലും പെരിന്തൽമണ്ണ പീപ്പിൾ ബസാറിലും നിലമ്പൂർ താലൂക്കിൽ നിലമ്പൂർ മാവേലി സ്റ്റോറിലും തിരൂരങ്ങാടിയിൽ ചെമ്മാട് സൂപ്പർ മാർക്കറ്റിലും കൊണ്ടോട്ടിയിൽ സ്വകാര്യ ബിൽഡിങ്ങിലുമാണ് മേള. 
ജില്ലയിലെ തെരഞ്ഞെടുത്ത മാവോലി സ്റ്റോറുകളിൽ സ്‌പെഷൽ ഓണം മാർക്കറ്റുകളുമുണ്ടാകും. സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും ഔട്ട് ലെറ്റുകളിലും സബ്‌സിഡി സാധനങ്ങൾ  60 ശതമാനംവരെയും ശബരി ബ്രാൻഡ്  ഉൽപ്പന്നങ്ങൾക്ക് 20 ശതമാനവും മറ്റ് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചുമുതൽ 30  ശതമാനംവരെയും വിലക്കുറവ്‌ ലഭിക്കും. 
16 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ ലഭിക്കുക. ചെറുപയർ- 61 രൂപ, കറുത്തപയർ -60, കടല -42, പയർ -45, പരിപ്പ്- 58, മുളക് 75, മല്ലി- 82, പഞ്ചസാര -22, അരി (ജയ, കുറുവ) -25, അരി (പൊന്നി) -23, അരി (മട്ട)- 24, ഉണക്കലരി- 25, ജയ അരി (ആന്ധ്ര), -25, ശബരി വെളിച്ചെണ്ണ ലിറ്ററിന് 46 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി വില.
ഉപഭോക്താക്കൾക്കായി കൈനിറയെ ഓണസമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.  എല്ലാ ഔട്ട് ലെറ്റുകളിലും ഒന്നുമുതൽ ഓണം സമ്മാനമഴ പദ്ധതിയിൽ ഉൾപ്പെടുത്തി 1500 രൂപയുടെ ഓരോ പർച്ചേസിനും സമ്മാന കൂപ്പൺ നൽകും. ഒന്നാം സമ്മാനം ഒരാൾക്ക് മൂന്ന് പവൻ സ്വർണമാണ്‌. രണ്ടാം സമ്മാനമായി മൂന്ന് പേർക്ക് ഒരു പവൻ സ്വർണവും മൂന്നാം സമ്മാനമായി ഏഴ് പേർക്ക് നാല്  ഗ്രാം സ്വർണവും ലഭിക്കും. ഓരോ 2000 രൂപയുടെ പർച്ചേസിനും 100 രൂപയുടെ നിശ്ചിത സമ്മാനം നൽകും.  പ്രത്യേകമായി നടത്തുന്ന എല്ലാ സപ്ലൈകോ ഓണം മേളകളിലും ദൈനംദിന നറുക്കെടുപ്പിലൂടെ രണ്ട് പേർക്ക് 1000 രൂപയുടെ പ്രത്യേക സമ്മാനവുമുണ്ട്. 
അവശ്യസാധനങ്ങൾ ഉൾക്കൊള്ളുന്ന 800, 1200  രൂപ വിലമതിക്കുന്ന ഓണകിറ്റ് ഉപഭോക്താക്കൾക്ക് മുൻകൂർ ബുക്ക് ചെയ്ത് വാങ്ങാം. ഓണം ഫെയറുകൾ  10 വരെ പ്രവർത്തിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top