20 September Friday

പോരൂരിന്‌ പുരസ്‌കാരത്തിന്റെ മേളപ്പെരുക്കം

സ്വന്തം ലേഖകൻUpdated: Thursday Aug 1, 2019

പോരൂർ ഉണ്ണികൃഷ്ണൻ

വണ്ടൂർ
 ചെണ്ടവിദ്വാൻ പോരൂര്‍ ഉണ്ണികൃഷ്ണന് സംഗീത നാടക അക്കാദമി പുരസ്കാരം അർഹതക്കുള്ള അംഗീകാരം. തായമ്പകയിൽ വിസ്മയംതീര്‍ക്കുന്ന  കലാകാരനാണ്‌ പോരൂർ. മേളപ്പെരുക്കവുമായി ഇദ്ദേഹത്തിന്റെ യാത്ര 45 വർഷം പിന്നിട്ടു. അരങ്ങേറ്റം പത്താംവയസിൽ. അച്ഛന്‍ പോരൂര്‍ കുട്ടന്‍ മാരാരാണ് ആദ്യ ഗുരു. പിന്നീട് തിരുവേഗപ്പുറ ശങ്കുണ്ണി പൊതുവാളിൽനിന്ന്‌ ചെണ്ടമേളത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പകര്‍ന്നുകിട്ടി. ശങ്കരനാരായണന്‍, ഹരിദാസ്, ശ്രീനിവാസന്‍ എന്നീ സഹോദരങ്ങളും പിതൃസഹോദര പുത്രൻ പോരൂർ രാമചന്ദ്രനുമൊപ്പം ചെണ്ടയുടെ ബാലപാഠം പഠിച്ചു.  ചെണ്ടക്കാരന്റെ സര്‍ഗാത്മകതയുടെ അതിരില്ലാത്ത ആഘോഷമാണ്‌ തായമ്പക. അതുകൊണ്ടുതന്നെയാണ് തായമ്പകയെ ഇത്രമാത്രം സ്‌നേഹിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.  തായമ്പകയുടെ ശാസ്ത്രീയ സമ്പന്നത സംരക്ഷിക്കുന്ന കൊട്ടുമാര്‍ഗമാണ് ഉണ്ണികൃഷ്ണന്റേതെന്ന്‌ ആസ്വാദകർ.  ഇദ്ദേഹത്തിന്റെ കൊട്ടിൽ ശാലീനതയും രൗദ്രവും ഒരുപോലെ സന്നിവേശിച്ചിരിക്കുന്നതായും കാണാം. 
അമേരിക്ക, ബ്രസീല്‍, സിങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഷാര്‍ജ, കുവൈത്ത്‌, അബുദാബി തുടങ്ങിയ രാജ്യങ്ങളിലും  ഇദ്ദേഹം തായമ്പകയുടെ വിസ്മയംതീര്‍ത്തിട്ടുണ്ട്. മകനും മകളും തായമ്പക അഭ്യസിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലാമേളയില്‍ ആൺകുട്ടികള്‍ക്കൊപ്പം കൊട്ടി മകള്‍ ശ്രീലക്ഷ്മി നാലാം സ്ഥാനത്തെത്തി. മകന്‍ ശ്രീജിത്ത് വിദേശത്ത്   എംബിബിഎസിന് ചേരാനിരിക്കയാണ്. ശ്രീലക്ഷ്മി തിരുവനന്തപുരത്ത്  ഐസറിന്‌ (iiser) പഠിക്കുന്നു.
അമ്മ രാധയും ഭാര്യ പ്രമീളയും  പൂര്‍ണ പിന്തുണയുമായുണ്ട്. ഈയിടെ പുറത്തിറങ്ങിയ ചെണ്ടക്കാരന്റെ കഥ പറയുന്ന ‘ദേശ വിശേഷം’  സിനിമയിലും പ്രധാനവേഷംചെയ്‌തു. 
പോരൂരിനെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തി. കേളി പുരസ്‌കാരം, ഞാങ്ങാട്ടിരി ഭഗവതി പുരസ്‌കാരം, പല്ലാവൂര്‍ പ്രതിഭാ പുരസ്‌കാരം എന്നിവ അതില്‍ ചിലതുമാത്രം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top